ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്നു; രണ്ടുപേർ അറസ്റ്റിൽ

പാലക്കാട് കല്ലടിക്കോടിൽ ഗർഭിണിയായ മ്ലാവിനെ വെടിവെച്ചുകൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. എടത്തനാട്ടുകര സ്വദേശി ബോണി, കല്ലടിക്കോട് സ്വദേശി കുര്യാക്കോസ് എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. ഓടി രക്ഷപ്പെട്ട കേരള കോൺഗ്രസ് എം ജില്ലാ നേതാവ് ഉൾപ്പെടെ മൂന്നുപേർക്കായി വനം വകുപ്പ് അന്വേഷണം വിപുലമാക്കി.

കല്ലടിക്കോട് മലയുടെ അടിവാരത്തിലാണ് മ്ലാവ് വേട്ടയുണ്ടായത്. രാത്രികാല പട്രോളിങ്ങിനിടെ വനം വകുപ്പാണ് വെടിയൊച്ച കേട്ടത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ വെടിയേറ്റ് പുളയുന്ന മ്ലാവിനെക്കണ്ടു. സമീപത്തായി തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി അഞ്ചംഗ സംഘം നിലയുറപ്പിച്ചിരിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. വനപാലകരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ അഞ്ചുപേരും വനത്തിനുള്ളിലേക്ക് ഓടി. മൂന്നുപേർ രക്ഷപ്പെട്ടു. ബോണിയെയും കുര്യാക്കോസിനെയും വനപാലക സംഘം പിന്തുടർന്ന് പിടികൂടി. വനാതിർത്തിയിൽ നിർത്തിയിട്ടിരുന്ന ജീപ്പിൽ കയറിയാണ് മറ്റ് മൂവരും രക്ഷപ്പെട്ടത്. മ്ലാവ് വേട്ട കഴിഞ്ഞ് രക്ഷപ്പെട്ട പാലക്കയം സ്വദേശികളിൽ ഒരാൾ കേരള കോൺഗ്രസ് എം ജില്ലാ ഭാരവാഹിയെന്ന് വനപാലകർ അറിയിച്ചു. മൂവരെയും പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി മണ്ണാർക്കാട് റേഞ്ച് ഓഫിസർ അറിയിച്ചു. നാല് വയസ് പ്രായമുള്ള ഗർഭിണിയായ മ്ലാവിന് മുന്നൂറ് കിലോയോളം തൂക്കമുണ്ട്. വെറ്റിറനറി ഡോക്ടർ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ മ്ലാവിന്റെ ജഡം പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പൂർണ വളർച്ചയെത്തിയ കുഞ്ഞിന്റെയും ജഡം കണ്ടെത്തിയത്. മനസാക്ഷിയെ മുറിപ്പെടുത്തുന്ന മട്ടിലുള്ള മൃഗവേട്ട നടത്തിയ മുഴുവൻ ആളുകളെയും വൈകാതെ പിടികൂടുമെന്ന് മണ്ണാർക്കാട് ഡി എഫ് ഒ അറിയിച്ചു. രക്ഷപ്പെട്ടവരെ പിടികൂടാൻ പ്രത്യേക വനപാലക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.