കൃഷി ഓഫീസർ പ്രതിയായ കള്ളനോട്ട് കേസ്; അന്വേഷിക്കാന്‍ പ്രത്യേക സംഘം

ആലപ്പുഴയില്‍ വനിത കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ്സിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി  പി.വി.രമേഷ് കുമാറിന്‍റ നേതൃത്വത്തിലാണ് പ്രത്യേക സംഘം. അതേസമയം കായംകുളത്ത് നേരത്തെ അറസ്റ്റിലായ കള്ളനോട്ട് സംഘവുമായി ആലപ്പുഴയില്‍ പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന്  അന്വേഷണത്തില്‍ തെളിഞ്ഞു. ജില്ല പൊലീസ്മേധാവി ചൈത്ര തെരേസ ജോണിന്‍റെ നിര്‍ദേശ പ്രകാരമാണ് ആലപ്പുഴ കള്ളനോട്ട് കേസ് പ്രത്യേക സംഘം അന്വേഷിക്കുക. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.വി രമേഷ് കുമാറിന്‍റ നേതൃത്വത്തിലാണ് പ്രത്യേക സംഘം. കള്ളനോട്ട് കേസില്‍ എടത്വ കൃഷി ഓഫീസറായിരുന്ന എം .ജിഷമോള്‍ അടക്കം എട്ടുപേരാണ് പൊലീസിന്‍റെ പിടിയിലായത്. ഹനീഷ് ഹക്കിം,ഷനിൽ, ഷിഫാസ്, ഗോകുൽ, സുരേഷ് ബാബു, അനിൽ കുമാർ , അജീഷ്, എന്നിവരാണ് ജിഷമോളെക്കൂടാതെ  ജുഡീഷ്യൽ കസ്റ്റഡിയിലുള്ളവര്‍. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കും. 

കേസില്‍ ആദ്യം പിടിയിലായ ജിഷമോള്‍ക്ക് കള്ളനോട്ട് നല്‍കിയത് ആലപ്പുഴ ഗുരുപുരം സ്വദേശിയും കളരിയാശാനുമായ അജീഷ് ആണ് തളിഞ്ഞു. ഗോകുൽ, ഷിഫാസ്, ഹനീഷ് ഹക്കീം എന്നിവരാണ് കള്ളനോട്ട് കൈമാറിയിരുന്നത്.  നേരത്തെ കായംകുളത്ത്  കള്ളനോട്ട് വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന വയനാട്, കണ്ണൂർ സ്വദേശികളായ സനീറും അഖിലുമാണെന്ന് കള്ളനോട്ട് എത്തിച്ചിരുന്നത്. ഇവരില്‍ നിന്ന് ഹനീഷ് കള്ളനോട്ട് വാങ്ങി മറ്റുള്ളവര്‍ക്ക് നല്‍കുകയായിരുന്നു. ആലപ്പുഴയിലേക്ക് നോട്ടുകളെത്തിച്ചതിൽ പ്രധാന കണ്ണി ഹനീഷാണെന്നും വ്യക്തമായിട്ടുണ്ട്. കൃഷി ഓഫീസറായ ജിഷമോളുടെ വീട്ടിലെ ജോലിക്കാരന്‍ വ്യാപാരിക്ക് നല്‍കിയ നോട്ടുകള്‍ ബാങ്കിലടയ്ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സംശയം തോന്നി അന്വേഷണം നടത്തിയത്. തുടര്‍ന്നാണ് ജിഷമോള്‍ ആദ്യം അറസ്റ്റിലാകുന്നത്.നഇപ്പോള്‍ തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  ജിഷമോളെ വൈകാതെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും

Special team for fake note investigation