സവാരിക്കിടെ ഹൗസ് ബോട്ട് മുങ്ങി; ലൈസൻസും ഫിറ്റ്നസും ഇല്ല; ക്രമക്കേട്

വിനോദസഞ്ചാരികളുമായി ആലപ്പുഴ വേമ്പനാട്ട് കായലിൽ സവാരിക്കിടെ മുങ്ങിയ ഹൗസ് ബോട്ടിന് ലൈസൻസും ഫിറ്റ്നസും ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. താനൂർ ബോട്ട് ദുരവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ.മോഹനൻ ഹൗസ് ബോട്ട് മുങ്ങിയ സ്ഥലം സന്ദർശിച്ചു. കായൽ ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങൾ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്ന് ജസ്റ്റീസ് വി.കെ. മോഹനൻ അറിയിച്ചു.  

തിങ്കളാഴ്ച വൈകിട്ടാണ് ആലപ്പുഴ പുന്നമട സായി കേന്ദ്രത്തിന് സമീപം വേമ്പനാട് കായലിൽ  ആര്യമോൾ എന്ന ഹൗസ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദ സഞ്ചാരികളെയും 3 ജീവനക്കാരെയും മറ്റ് ബോട്ടുകാർ രക്ഷപ്പെടുത്തി. താനൂർ ബോട്ടു ദുരന്തം  അന്വേഷിക്കുന്ന കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ മോഹനൻ സ്ഥലം സന്ദർശിച്ചു.

ജസ്റ്റീസ് വി.കെ. മോഹനന്‍റെ സാന്നിധ്യത്തിൽ തുറമുഖ വകുപ്പ് ചീഫ്സർവേയർ ക്യാപ്റ്റൻ അലക്സ് ആന്റണി നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2019 മേയ് മാസത്തിൽ ബോട്ടിന്‍റെ ഫിറ്റ്നസും 2021 ജനുവരിയിൽ ലൈസൻസ് കാലാവധിയും തീർന്നു. ബോട്ട് ഉടമ ഇത് പുതുക്കുന്നതിന് അപേക്ഷപോലും സമർപ്പിച്ചിട്ടില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. അപകടസൂചന നൽകുന്ന വാട്ടർ, ഫയർ അലാറങ്ങൾ പ്രവർത്തന രഹിതമായിരുന്നു.

എൻജിൻ ഭാഗത്ത് കൂടിയാണ് വെള്ളം കയറിയതെന്ന് ഹൗസ് ബോട്ട് ജീവനക്കാർ പറഞ്ഞു.

കായൽ ദുരന്തങ്ങൾ ഒഴുവാക്കാനുള്ള സമഗ്ര നിർദേശങ്ങൾ അടങ്ങിയ അന്വേഷണ റിപ്പോർട്ട് സർക്കാരിന് നൽകുമെന്ന്  കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് വി.കെ.മോഹനൻ പറഞ്ഞു.

ലൈസൻസ്, ഫിറ്റ്നസ് എന്നിവയില്ലാത്ത ജലവാഹനങ്ങൾ  സർവീസ് നടത്തുന്നത് കണ്ടെത്തുന്നതിന് മതിയായ എൻഫോഴ്സ് സംവിധാനം സംസ്ഥാനത്തില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ കുറെ ദിവസം ഊർജിത പരിശോധനനടത്തും. പിന്നീട് പരിശോധനകൾ മന്ദഗതിയിലാകുകയാണ് പതിവ്. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ഹൗസ് ബോട്ട് രേഖകളൊന്നുമില്ലാതെ  വർഷങ്ങൾ സർവീസ് നടത്തിയിട്ടും അപകടത്തിനു ശേഷമാണ് ഫിറ്റ്നസും ലൈസൻസും ഇല്ലെന്ന് കണ്ടെത്തിയത്.

House boat runs without permission.

Enter AMP Embedded Script