വിവാഹം കഴിഞ്ഞ് ആഘോഷ വരവ്; ചോദ്യം ചെയ്ത് പിന്നാലെ വന്നവര്‍; കൂട്ടത്തല്ല്

കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന നവദമ്പതികളെ ഓവർടേക്ക് ചെയ്യുന്നതും അത് ഇഷ്ടപ്പെടാതെ പിന്നാലെ നടക്കുന്ന പുകിലുമൊക്കെ അടി സിനിമയിൽ നമ്മൾ കണ്ടതാണ്. എന്നാൽ അതിനെ വെല്ലുന്ന കൂട്ടത്തല്ലുണ്ടായി നൂറനാടിനടുത്തുള്ള ചാരുംമൂട്ടിൽ. വിവാഹസംഘവും യുവാക്കളുമായുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർ കൂടെ ചേർന്നതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. 

ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടിൽ നടന്ന കല്യാണത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. ഹോണടിച്ച് ലൈറ്റ് ഇട്ട് ആഘോഷപൂർവ്വമായിരുന്നു യാത്ര. വഴി കൊടുക്കാതെയുള്ള വിവാഹസംഘത്തിന്റെ യാത്ര പിന്നാലെ ഉണ്ടായിരുന്ന മറ്റൊരു കാറിലെ യാത്രക്കാർ ചോദ്യം ചെയ്തു. പിന്നാലെ വാക്കു തർക്കമായി, വഴക്കായി, മർദനമായി. വധുവും വരനും ഇല്ലെന്നതൊഴിച്ചാൽ കറക്റ്റ് അടി സിനിമയിലെ സീൻ തന്നെ.

20 മിനിറ്റോളം നടുറോഡിലുണ്ടായ കൂട്ടത്തല്ല് പൊലീസെത്തിയാണ് അവസാനിപ്പിച്ചത്. മുഖത്തും കൈയ്ക്കും പരുക്കേറ്റ നാലുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Enter AMP Embedded Script