പച്ചക്കറിയെന്ന വ്യാജേന മദ്യക്കടത്ത്; 50 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

പാലക്കാട് മീനാക്ഷിപുരത്ത് അന്‍പത് കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. കന്നിമാരി മൂച്ചിക്കാട് സ്വദേശി കുമാരനെയാണ് മീനാക്ഷിപുരം പൊലീസ് ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ പിടികൂടിയത്. പച്ചക്കറിയെന്ന വ്യാജേന ഇരുചക്രവാഹനത്തില്‍ പതിവായി മദ്യം കടത്തിയിരുന്നുവെന്നാണ് മൊഴി. വിഡിയോ റിപ്പോർട്ട് കാണാം. 

തമിഴ്നാട്ടില്‍ നിന്ന് ശേഖരിച്ച് കേരള അതിര്‍ത്തിയില്‍ മദ്യവില്‍പന നടത്തുന്നതായിരുന്നു കുമാരന്റെ പതിവ്. ഇരുചക്രവാഹനത്തില്‍ പച്ചക്കറി പലവ്യഞ്ജനം എന്ന പേരില്‍ സഞ്ചിയിലാണ് മദ്യം ഒളിപ്പിച്ച് കടത്തിയിരുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് മീനാക്ഷിപുരം പൊലീസ് സംഘം കുമാരന്റെ പതിവ് യാത്രാവഴികളില്‍ രാവിലെ നിലയുറപ്പിച്ചു. മൂലക്കടക്ക് സമീപം മദ്യവുമായി എത്തിയ കുമാരന്‍ പച്ചക്കറിയെന്ന പതിവ് കള്ളം പറഞ്ഞു. പൊലീസ് വിശദമായി പരിശോധിക്കുമ്പോഴാണ് ഓരോ കുപ്പിയിലും 180 മില്ലി ലീറ്റര്‍ വീതം അളവിലുള്ള മദ്യം കണ്ടെത്തിയത്. അന്‍പത് കുപ്പിയിലായി ഒന്‍പത് ലീറ്റര്‍ വിദേശ മദ്യം. 

പതിവായി മദ്യമെത്തിച്ച് തോട്ടം തൊഴിലാളികള്‍ക്കും സുഹൃത്തുക്കള്‍ക്കും കൂടിയ വിലയില്‍ കൈമാറിയിരുന്നുവെന്നാണ് കുമാരന്റെ മൊഴി. അതിര്‍ത്തി കടത്തുന്ന മദ്യം തോട്ടങ്ങളില്‍ ഉള്‍പ്പെടെ രഹസ്യമായി സൂക്ഷിക്കും. മുടക്കുന്നതിന്റെ മൂന്നിരട്ടി തിരിച്ച് കിട്ടുമെന്നത് കണക്കിലെടുത്താണ് ഇരുചക്ര വാഹനത്തിലെ മദ്യക്കടത്തെന്നാണ് കുറ്റസമ്മതം. ഇന്‍സ്പെക്ടര്‍ ശശിധരന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി കുമാരനെ കോടതിയില്‍ ഹാജരാക്കി.