ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മുത്തുലക്ഷ്മി; അപൂർവം; കാഴ്ച കാണാൻ ആളൊഴുക്ക്

പാലക്കാട് ആനക്കര ഉമ്മത്തൂരില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വെച്ചൂര്‍ പശു. കളിയത്തേതില്‍ ശ്രീദേവിയുടെ വീട്ടിലെ മുത്തുലക്ഷ്മിയെയും കുഞ്ഞുങ്ങളെയും കാണാന്‍ നിരവധിപേരാണെത്തുന്നത്. വെച്ചൂര്‍ ഇനം പശുക്കള്‍ അപൂര്‍വമായി മാത്രമാണ് ഒന്നിലധികം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു

മുത്തുലക്ഷ്മി നാല് വര്‍ഷം മുന്‍പാണ് ശ്രീദേവിയുടെ വീട്ടിലേക്കെത്തിയത്. കാണാനുള്ള ചേലും വീട്ടുകാരോടുള്ള സ്നേഹവും കാരണം പെട്ടെന്ന് ഇണങ്ങി. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുത്തുലക്ഷ്മി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഏറെ സന്തോഷത്തിലാണ് ശ്രീദേവിയും കുടുംബവും. 

ശിവാജി, ശിവാനി എന്നിങ്ങനെയാണ് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ശ്രീദേവി പേരിട്ടിരിക്കുന്നത്. നാട്ടില്‍ താരമായി മാറിയ അമ്മയേയും കുഞ്ഞുങ്ങളേയും കാണാനും ഫോട്ടോയെടുക്കാനും നിരവധി പേരാണെത്തുന്നത്.