'പത്ത് വര്‍ഷം ഇന്ത്യ ഭരിച്ചത് മൗനി ബാബ'; പാലക്കാട് നഗരസഭയില്‍ പ്രതിപക്ഷ ബഹളം

പത്ത് വര്‍ഷം ഇന്ത്യ ഭരിച്ചത് മൗനി ബാബയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തിനെതിരെ പാലക്കാട് നഗരസഭയില്‍ പ്രതിപക്ഷ ബഹളം. ലോകരാജ്യങ്ങള്‍ അംഗീകരിച്ച ഡോ.മന്‍മോഹന്‍ സിങിനെ അപമാനിക്കുന്ന നടപടി ബോധപൂര്‍വമെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തുളത്തില്‍ പ്രതിഷേധിച്ചു. ബിജെപി അംഗങ്ങള്‍ പ്രതിരോധിച്ചതോടെ കൈയ്യാങ്കളിയുടെ വക്കിലെത്തി. 

മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ബിജെപി കൗണ്‍സിലര്‍ നടേശന്‍ മൗനി ബാബ പ്രയോഗം നടത്തിയത്. പിന്നാെല പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി. പ്രതിരോധിക്കാന്‍ ബിജെപി കൗണ്‍സിലര്‍മാരും ചേര്‍ന്നതോടെ സംഘര്‍ഷാവസ്ഥയിലായി. 

കൗണ്‍സില്‍ യോഗം അവസാനിച്ചതായി അറിയിച്ച് ചെയര്‍പേഴ്സണ്‍ മടങ്ങിയിട്ടും ബഹളം തുടര്‍ന്നു. സകലരും ആദരിക്കുന്ന വ്യക്തിയെ അപമാനിക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം. പേരുടെത്ത് പരാമര്‍ശിക്കാത്തതിനാല്‍ വ്യക്തിപരമായ അധിക്ഷേപമായി കാണേണ്ടതില്ലെന്നും പ്രതിപക്ഷം ബോധപൂര്‍വം കൗണ്‍സില്‍ അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതായും ബിജെപി ആരോപിച്ചു.