പ്രണയം നിരസിച്ചു; വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കഴുത്തറുത്ത് കൊന്നു: ഞെട്ടൽ

‘ഇരുപത്തൊന്നു വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. അവൾ വിവാഹിതയാകാൻ ആഗ്രഹിച്ചിരുന്നില്ല, എയർ ഹോസ്റ്റസ് ആകാനായിരുന്നു മോഹം. പ്രഭാതഭക്ഷണവും വാങ്ങി എന്റെ മകളെ കാത്തിരിക്കുകയായിരുന്നു ഞാൻ. മന്‍സൂറ സര്‍വകലാശാലയുടെ പടിവാതിക്കൽ എന്റെ മകളെ ഒരു അക്രമി കഴുത്തറുത്തു കൊന്നുവെന്ന് അറിയിപ്പ് ലഭിച്ചുവെങ്കിലും ഞാൻ വിശ്വസിച്ചിരുന്നില്ല. ഉയർച്ചയുടെ പടവുകൾ അവൾ കയറുന്നത് ഞാൻ എന്നും ‌സ്വപ്നം കാണാറുണ്ട്. മോർച്ചറിയിൽ അവളെ കാണാൻ അവർ അനുവദിച്ചില്ല, ആ കാഴ്‌ച നിങ്ങൾ താങ്ങില്ലെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു. പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ ഇല്ലാതാക്കുകയാണോ ചെയ്യുന്നത്. കുറ്റവാളിക്കു രക്ഷപ്പെടാൻ ഏറെ പഴുതുകളുള്ള നിയമസംവിധാനങ്ങൾ ഉള്ള നാടാണ് നമ്മുടേത്. ഒരു പോറൽ പോലും എൽക്കാതെ അവൻ പുറത്തു വരും. പെൺകുഞ്ഞുങ്ങൾ ഇനിയും കൊല്ലപ്പെട്ടുകൊണ്ടിരിക്കും. നഷ്ടം ഞങ്ങളെ പോലുള്ളവരുടേത് മാത്രമാകും, വധശിക്ഷയിൽ കുറഞ്ഞതൊന്നും എനിക്ക് ആശ്വാസമാകില്ല.’ ഈജിപ്‍തിലെ മന്‍സൂറ സര്‍വകലാശാലയിൽ സഹപാഠി കഴുത്തറുത്തു കൊന്ന നയ്റ അഷറഫിന്റെ പിതാവ് അഷറഫ് അബ്ദുൽ ഖാദർ കണ്ണീരോടെ പറയുന്നു.

ഈജിപ്തില്‍ പട്ടാപ്പകല്‍ സര്‍വകലാശാല വിദ്യാര്‍ഥിനിയായ നയ്‌റയെ കഴുത്തറുത്തു കൊന്നതിന്റെ ഞെട്ടലിലാണ് അറബ് ലോകം. വീട്ടിലേക്കു പോകാൻ സര്‍വകലാശാലയുടെ മുൻപിലുള്ള ബസ്‌സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കെ നയ്റയെ സഹപാഠി മുഹമ്മദ് അദേൽ അടിച്ചുവീഴ്ത്തി റോഡിലൂടെ വലിച്ചിഴയ്ക്കുകയും ജനക്കൂട്ടം നോക്കിനിൽക്കെ കഴുത്തറുത്തു കൊല്ലുകയുമായിരുന്നു. വിഡിയോകളിലൂടെ പ്രശസ്തയായിരുന്ന നയ്റയ്ക്ക് സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്സുണ്ടായിരുന്നു. അദേലിന്റെ വിവാഹാഭ്യർഥന നിരസിച്ച നയ്റയെ അയാൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തി. അതോടെ നയ്റ അദേലിനെ സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്‌തു. നയ്റയുടെ കുടുംബം അദേലിനെതിരെ പലതവണ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്.

കേസിൽ 20 ഓളം സാക്ഷികളെ വിസ്തരിച്ചു. തന്നെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതോടെയാണ് നയ്റയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.