പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് ഒലവക്കോട് ആണ്ടിമഠം സ്വദേശി ഷാജഹാനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരിലും വിജയവാഡയിലും ഉള്‍പ്പെടെ ഷാജഹാനും പെണ്‍കുട്ടിയും എത്തിയിരുന്നു. 

ഫോണ്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്ന് പ്രണയത്തിലെത്തി. വിവാഹം കഴിക്കാമെന്നായിരുന്നു ഷാജഹാന്‍ പെണ്‍കുട്ടിക്ക് നല്‍കിയ ഉറപ്പ്. വാഗ്ദാനത്തിന് പിന്നാലെ ഇരുവരും കൂടിക്കണ്ടു. സൗഹൃദം വീട്ടുകാരറിഞ്ഞതോടെ ഷാജഹാനെ വിലക്കി. വീണ്ടും പെണ്‍കുട്ടിക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കി അടുത്തു. കോയമ്പത്തൂര്‍ യാത്രയില്‍ ഹോട്ടല്‍ മുറിയിലെത്തിച്ച് പീഡിപ്പിച്ചു. 

പിന്നാലെ വിജയവാഡയിലുമെത്തിച്ച് ചൂഷണത്തിനിരയാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി ഇതിനിടയില്‍ ബന്ധുക്കള്‍ മലമ്പുഴ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിനിടെ ഷാജഹാന്‍ പെണ്‍കുട്ടിയുമായി വിജയവാഡയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തി. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് തിരിച്ചറിഞ്ഞു. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമങ്ങളും യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായി. പിന്നാലെ മലമ്പുഴ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.