വിധിവന്ന പിന്നാലെ കടന്നു; പോക്സോ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി

പട്ടാമ്പി പോക്സോ കോടതിയിൽ നിന്ന് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ കടന്നു കളഞ്ഞ പ്രതി കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസനെ പൊലീസ് പിടികൂടി. അൻപത്തി ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ കർണാടകയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പോക്സോ കേസിൽ വിധി വന്നതിന് പിന്നാലെയാണ് ഹരിദാസൻ പൊലീസിനെ വെട്ടിച്ച് തന്ത്രപൂർവം കടന്നത്. 

ഹരിദാസന്റെ ഫോൺവിളി പിന്തുടർന്നാണ് കർണാടകയിലെ ഒളിയിടം കണ്ടെത്തിയത്. വ്യാജ പേരിൽ വിവിധയിടങ്ങളിൽ സഹായിയായി ജോലി ചെയ്ത് വരികയായിരുന്നു.

2021 ൽ ചാലിശ്ശേരിയിൽ നടന്ന പോക്സോ കേസിലെ പ്രതി കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസൻ സെപ്റ്റംബർ മൂന്നാം തീയതി ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കേസിൽ വിധി വന്നയുടനെ പട്ടാമ്പി പോക്സോ കോടതിയിൽ നിന്നാണ് പൊലീസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്ന് കളഞ്ഞത്.

ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചുള്ള അന്വേഷണത്തിൽ ചില സൂചനകൾ ലഭിച്ചെങ്കിലും ഹരിദാസനിലേക്കെത്താനായിരുന്നില്ല. ആദ്യ ഘട്ടത്തിൽ പ്രതി ബസ് മാർഗം വടക്കാഞ്ചേരിയിലേക്ക് പോയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആ മേഖലയിൽ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. കോടതിയിൽ നിന്ന് ചാടിപ്പോയ പ്രതി പട്ടാമ്പിയിൽ നിന്ന് വസ്ത്രം മാറിയാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലും പോലീസ് നേരിട്ടെത്തി തെരഞ്ഞു.

പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോടീസ് പുറത്തിറക്കിയിരുന്നു. പോക്സോ

കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേട്ടതിന് പിന്നാലെയാണ് കോടതി വളപ്പിൽ നിന്ന് മുങ്ങി ഒളിവിൽപ്പോയത്. 

Pocso case accused held