വളാഞ്ചേരിയില്‍ വൻകുഴൽപ്പണവേട്ട; കടത്തിയത് കാറിന്‍റെ രഹസ്യ അറയില്‍

മലപ്പുറം വളാഞ്ചേരിയില്‍ ഒരു കോടി അറുപത്തിനാലു ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. കാറിന്‍റെ രഹസ്യ അറയില്‍ ഒളിപ്പിച്ചാണ് കുഴല്‍പ്പണം കടത്തിയത്.

മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി കുറുവയില്‍ അന്‍സാര്‍, പാലക്കാട് വല്ലപ്പുഴ സ്വദേശി തൊടിയില്‍ ഫൈസല്‍ എന്നിവരാണ് കുഴല്‍പ്പണം സഹിതം പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് പാലക്കാട്, മലപ്പുറം ജില്ലകളില്‍  വിതരണത്തിനായി കൊണ്ടുവരുബോഴാണ് വലയിലായത്. നോട്ടുകെട്ടുകള്‍ കാറിന്‍റെ സീറ്റുകള്‍ക്കിടയില്‍ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് ഒളിപ്പിച്ചത്. 

മലപ്പുറത്ത് കഴിഞ്ഞ മാസവും വന്‍തോതില്‍ കുഴല്‍പ്പണം പിടികൂടിയിരുന്നു. ഒരു മാസത്തിനിടെ 15 കോടി രൂപയാണ് പിടികൂടിയിരുന്നത്. കോവിഡ് മഹാമാരിക്കിടെ മന്ദഗതിയിലായ കുഴല്‍പ്പണവിതരണം വീണ്ടും സജീവമാകുന്നുവെന്നാണ് സൂചന.