കോഴിക്കോട് നഗരത്തില്‍ 99 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

കോഴിക്കോട് നഗരത്തില്‍ 99 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാറില്‍ പണം കടത്താന്‍ ശ്രമിച്ച മലപ്പുറം മറയൂര്‍ സ്വദേശി സല്‍മാന്‍ , മോങ്ങം സ്വദേശി ഷംസുദീന്‍ എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്നിടങ്ങളില്‍ നിന്നായി ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടികൂടിയത്. 

കെഎല്‍ പത്ത് എ ഡബ്ല്യൂ 2774 എന്ന കാറില്‍ ലക്ഷങ്ങളുടെ കള്ളപ്പണം കടത്തുന്നതായ വിവരം കഴിഞ്ഞരാത്രിയിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ചത്. വാഹനം വരുന്നത് ഏത് ഭാഗത്ത് നിന്നാണെന്ന് വ്യക്തമായിരുന്നില്ല. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് സന്ദേശമെത്തി. രാത്രി പന്ത്രണ്ടരയോടെ നഗരത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക്് സമീപം വാഹനം ആന്റി ഗുണ്ടാ സ്ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സല്‍മാനും ഷംസുദീനും പണമില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും പരസ്പരവിരുദ്ധമായ മറുപടി സംശയം കൂട്ടി. 

പരിശോധനയിലാണ് ഹാന്‍ഡ് ബ്രേക്ക് ക്യാബിന് താഴെയായി സീറ്റിനടിയിലേയ്ക്ക് പ്രത്യേക അറയുണ്ടെന്ന് കണ്ടത്. പരിശോധനയില്‍ മൂന്ന് ബാഗിലായി സൂക്ഷിച്ചിരുന്ന 99 ലക്ഷം രൂപയുടെ രണ്ടായിരം അഞ്ഞൂറ് രൂപ നോട്ടുകള്‍ പിടികൂടുകയായിരുന്നു. ഇതോടെ കസബ പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൈമാറാന്‍ ഉദ്ദേശിച്ചിരുന്നവരുടെ വിവരങ്ങള്‍ ഇവരുടെ ഡയറിയിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി. നോട്ട് കൈമാറിയിരുന്നവരെക്കുറിച്ച് കൃത്യമായ വിവരമില്ല. മൂന്ന് ദിവസം മുന്‍പാണ് വടകരയില്‍ ഒന്‍പതര ലക്ഷവും കൊയിലാണ്ടിയില്‍ അഞ്ച് ലക്ഷവും കള്ളപ്പണം പിടികൂടിയത്.