കരുവാരകുണ്ടിൽ 1.20 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

മലപ്പുറം കരുവാരകുണ്ടിൽ ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ. കൊടുവളളി കേന്ദ്രമായി പ്രവർത്തിക്കുന്ന കുഴൽപ്പണ സംഘത്തിലെ പ്രധാനികളാണ് കുടുങ്ങിയത്. കസ്്റ്റഡിയിൽ എടുക്കാനുളള ശ്രമത്തിനിടെ ഹവാലസംഘം എസ്.ഐയെ ആക്രമിച്ചു. 

ആഢംബര കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച കുഴൽപ്പണം കണ്ടെത്താനുളള ശ്രമത്തിനിടെയാണ് സംഘം എസ്.ഐയേയും പൊലീസുകാരേയും ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എസ്.ഐ. യുടെ കയ്യിൽ പ്രതിയുടെ കടിയേറ്റ ആഴത്തിലുളള മുറിവുണ്ട്. പല രഹസ്യ അറകളുളള ആഢംബരക്കാറിൽ വിശദമായ പരിശോധനക്ക് ശേഷമാണ് ഒളിപ്പിച്ചുവച്ച നോട്ടുകെട്ടുകൾ കണ്ടെടുക്കാനായത്. 

കോഴിക്കോട് കൊടുവളളി സ്വദേശികളായ റിയാസ്, മുജീബ് എന്നിവരാണ് അറസ്റ്റിലായത്. ബെംഗുളുരൂവിൽ നിന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ വിതരണത്തിനെത്തിക്കുബോഴാണ് സംഘം വലയിലായത്. കൊടുവളളി കേന്ദ്രമായി പ്രവർത്തിക്കുന്ന കുഴൽപ്പണ സംഘത്തിലെ പ്രധാനികളാണ് കുടുങ്ങിയത്.