സ്വര്‍ണം കവര്‍ന്നത് കള്ളപ്പണക്കടത്ത് സംഘം; അന്വേഷണം ഊർജിതം

തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കള്ളപ്പണക്കടത്ത് സംഘമെന്ന് സൂചന. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കവര്‍ച്ചയ്ക്കായി വാഹനം ഏര്‍പ്പാടാക്കി നല്‍കിയവരെക്കുറിച്ചും വിവരം ലഭിച്ചു.

ശനിയാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം മണക്കാട് വച്ച് വ്യാപാരിയായ ബിജുവിനെ ആക്രമിച്ച് ഒന്നരക്കിലോയോളം സ്വര്‍ണം കവര്‍ന്നത്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ജ്വല്ലറിയുള്ള ബിജു തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങി വീട്ടിലേക്ക് വരും വഴിയായിരുന്നു ആക്രമണം. കവര്‍ച്ച നടന്ന് മൂന്ന് ദിവസം പിന്നിട്ടെങ്കിലും ആരാണ് പ്രതികളെന്ന് കൃത്യമായ സൂചന പൊലീസിന് ലഭിച്ചിട്ടില്ല.

ബിജു ഒരു വര്‍ഷത്തിലേറെയായി എല്ലാ തിങ്കളാഴ്ചയും വെള്ളിയാള്ചയും തൃശൂരില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നയാളാണ്. പുലര്‍ച്ചെ ഗുരുവായൂര്‍ എക്സ്പ്രസില്‍ തമ്പാനൂരിലെത്തുകയും അതിന് ശേഷം സ്വന്തം കാറില്‍ വീട്ടിലേക്ക് പോകുന്നതുമാണ് പതിവ്. ഇത് കൃത്യമായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നതാണ് നിഗമനം. ഇത്തരത്തില്‍ സ്വര്‍ണവും പണവുമായി വരുന്നവരെ ആക്രമിച്ച് കവര്‍ച്ച നടത്തുന്ന സംഘം തൃശൂരില്‍ ധാരാളമായുള്ളതും ഈ സംശയത്തിന് ബലം കൂട്ടുന്നു. അന്വേഷണത്തില്‍ ഇതിന്റെ ചില സൂചനകള്‍ ലഭിച്ചിട്ടുമുണ്ട്.

 കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനം നെയ്യാറ്റിന്‍കരയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഖത്തറില്‍ ജോലിയുള്ള കോട്ടയം സ്വദേശിയുടേതാണ് ഈ വാഹനം. ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് വിറ്റതാണെന്നും പറയുന്നു. ഈ വാഹനം വാങ്ങിയ ചിലരെ കണ്ടെത്തിയിട്ടുണ്ട്. സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.