മംഗലൂരു കങ്കനാടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട

മംഗലൂരു കങ്കനാടിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. കാറില്‍ കടത്തത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുമയി മഹാരാഷ്ട്രാ സ്വദേശികളായ മൂന്നുപേര്‍ പൊലീസിന്റെ വലയിലായി. വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ കുടുങ്ങിയത്. 

കഴിഞ്ഞ ദിവസം വൈകീട്ടോടെ കങ്കനാടി എസ്.ഐ രവി നായ്ക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെയാണ് കുഴല്‍പ്പണവുമായി മൂന്നംഗ സംഘം പിടിയിലാകുന്നത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ അമുല്‍ മാലി, ദിനേശ് എന്ന പ്രകാശ്, തനാജി എന്നിവരാണ് അറസ്റ്റിലായത്. മഹാരാഷ്ട്രാ രജിസ്ട്രേഷനുള്ള കാറിനകത്തെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലൂരു കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായാണ് പണം എത്തിച്ചതെന്ന് പൊലിസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ വ്യക്തമാക്കി. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണസംഘത്തിന് ഇനിയും വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. കൊങ്കണ്‍ കേന്ദ്രികരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. വരും ദിവസങ്ങളിലും ദേശീയ പാതകള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന ശക്തമാക്കാനാണ് തീരുമാനം.