സ്റ്റാന്‍ഡില്‍ കയറാതെ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ടു; ബസ് ജീവനക്കാര്‍ അറസ്റ്റില്‍

കുന്നംകുളം സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിട്ട ബസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗതാഗത നിയമം പാലിക്കാത്തതിനും പരുക്കന്‍ ഡ്രൈവിങ്ങിനും ബസ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

 വന്‍തുക മുടക്കി ആധുനിക രീതിയില്‍ പണിക്കഴിപ്പിച്ചതാണ് കുന്നംകുളം ബസ് സ്റ്റാന്‍ഡ്. ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് യാത്രക്കാരെ കയറ്റണമെന്നാണ് ചട്ടം. ഭൂരിഭാഗം ദീര്‍ഘദൂര സ്വകാര്യ ബസുകളും സ്റ്റാന്‍ഡില്‍ കയറാറില്ല. പൊലീസും നഗരസഭയും പലക്കുറി താക്കീത് ചെയ്തു. യാത്രക്കാരെ വഴിയിലിറക്കി വിടും. ഇതു തടയാനാണ് പൊലീസ് മെനക്കിട്ട് ഇറങ്ങിയത്. ഗുരുവായൂര്‍...പാലക്കാട് റൂട്ടിലോടുന്ന ദര്‍ഷന്‍ ബസ് യാത്രക്കാരെ വഴിയിലിറക്കി സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ പോയി. കയ്യോടെ പൊലീസ് ബസ് ജീവനക്കാരെ പിടികൂടി കേസെടുത്തു. ബസും കസ്റ്റഡിയിലെടുത്തു. യാത്രക്കാരുടെ പരാതി പ്രകാരമായിരുന്നു നടപടി. ബസ് ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്തു. 

സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

അതോടൊപ്പം ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസൻസും റദ്ദാക്കും.