നിധി നൽകാമെന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ തട്ടിപ്പ്; അറസ്റ്റ്

വ്യാജസ്വർണം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചിയ്യാരം മംഗളം കോളനി പയ്യപ്പിള്ളി വീട്ടിൽ ആർ.റൂബിൻ റാഫേൽ (37) ആണു പിടിയിലായത്. ചെന്നൈയിലെ തിരുവള്ളുവർ ‌എന്ന സ്ഥലത്ത് ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2020 ജൂൺ 30 ന് ആണ് കേസിനാസ്പദമായ സംഭവം.

നെന്മാറ സ്വദേശി ഉണ്ണിക്കൃഷ്ണനെ നിധി കിട്ടിയതാണെന്നു വിശ്വസിപ്പിച്ച് വ്യാജസ്വർണം നൽകി 16 ലക്ഷം രൂപ തട്ടിയെടുത്തതായാണു കേസ്. തമിഴ്നാട്ടിലെ 2 പേർക്കു നിധി കിട്ടിയിട്ടുണ്ടെന്നും അത് 16 ലക്ഷം രൂപയ്ക്ക് നൽകാമെന്നും പറഞ്ഞ് ഉണ്ണിക്കൃഷ്ണനെ വിളിച്ചുവരുത്തി പരിശോധനയ്ക്കായി നല്ല സ്വർണം നൽകി. പിന്നീട് പണം വാങ്ങി വ്യാജസ്വർണം നൽകിയെന്നാണു പരാതി. സംഭവത്തിൽ മാസങ്ങൾക്കു മുൻപ്, തൃശൂർ സ്വദേശികളായ സുനിൽ, സഞ്ജീവൻ, തമിഴ്നാട് ആനമല സേത്തുമട റോഡിൽ അബ്ബാസ്, രാജ എന്ന കറുപ്പസ്വാമി, പൊള്ളാച്ചി ആനമല വി.കൃഷ്ണമൂർത്തി എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയിരുന്നു.

ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. റൂബിൻ അറസ്റ്റിലായതോടെ കേസിലെ മുഴുവൻ പ്രതികളും പിടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. ചിറ്റൂർ ഡിവൈഎസ്പി സി.സുന്ദരത്തിന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ സിഐ എം.ശശിധരൻ, എസ്ഐ വി.ജയപ്രസാദ്, എഎസ്ഐ അനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ആർ.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.