മധു വധക്കേസ്: കുറ്റപത്രത്തിൽ ഭേദഗതി വരുത്തണമെന്ന് പ്രോസിക്യൂഷന്‍

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധു വധക്കേസില്‍ കൂടുതൽ വകുപ്പുകൾ ചേർത്ത് കുറ്റപത്രത്തിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യം. പ്രധാന ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് വീഡിയോഗ്രാഫറെ അനുവദിക്കുന്നത് ഉള്‍പ്പെടെ മൂന്ന് പുതിയ ആവശ്യങ്ങള്‍ അറിയിച്ച് പ്രോസിക്യൂഷന്‍ കോടതിയിൽ ഹര്‍ജി നൽകി. മൂന്ന് കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ ഹര്‍ജി നൽകിയത്. പ്രതികള്‍ വനത്തിൽ അതിക്രമിച്ചു കയറിയെന്ന വനം വകുപ്പ് കേസ് നിലവിലെ കേസിനൊപ്പം പരിഗണിക്കേണ്ടതുണ്ടോ എന്നതില്‍ വ്യക്തത വരുത്തണം. തെളിവുകള്‍ പരിശോധിക്കുമ്പോള്‍ കൂടുതൽ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. 

ഇതിനായി കുറ്റപത്രത്തിൽ ഭേദഗതി വരുത്തണം. മധുവിനെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായ അജുമുടിയിൽ നിന്ന് അഗളി പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള ഭാഗങ്ങൾ പകർത്താൻ വിഡിയോഗ്രഫറെ നിയമിക്കണം. ഡിജിറ്റൽ തെളിവുകൾ കോടതിയിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും പ്രോസിക്യൂഷന്‍ രേഖാമൂലം കോടതിയോട് ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയുടെ പുതിയ ജഡ്ജിയായി ചുമതലയേറ്റ കെ.എം.രതീഷ്കുമാറാണ് കേസ് പരിഗണിച്ചത്. അതേസമയം വിചാരണ തുടങ്ങിയ ശേഷം പുതിയ പരാതികള്‍ നൽകുന്നത് കേസ് നീട്ടികൊണ്ടു പോകാനാണെന്ന് പ്രതിഭാഗം അഭിഭാഷകർ പറഞ്ഞു. കേസ് പരിഗണിക്കുന്നത് ഈമാസം ഇരുപത്തി ഏഴിലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ പുതിയ ആവശ്യങ്ങളില്‍ കോടതി ഉത്തരവ് അടുത്ത സിറ്റിങിലുണ്ടാകും.