വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയില്‍. പറവൂര്‍ സ്വദേശി പി.വി.ഗിരീഷ് കുമാറും തൃശൂര്‍ സ്വദേശി ജയശങ്കറുമാണ് അറസ്റ്റിലായത്. പതിനേഴായിരം രൂപ വീതം നാല്‍പ്പത് പേരില്‍നിന്ന് വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്. 

പോളണ്ടിലേക്ക് ഊബര്‍ ടാക്സി ഡ്രൈവര്‍ വീസ വാഗ്ദാനം ചെയ്ത് നാല്പത് പേരില്‍ നിന്ന് പതിനേഴായിരം രൂപ വീതം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് സ്പ്ലെന്‍ഡിഡ് എന്ന സ്ഥാപനത്തിന്‍റെ ഉടമ പി.വി.ഗിരീഷും ജയശങ്കറും അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വീസ വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ഇവര്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും വീസ ലഭിക്കാത്തതിനെത്തുടര്‍ന്ന് ചിലര്‍ ഏജന്‍സി ഓഫിസിലെത്തിയപ്പോള്‍ കണ്ടത് മറ്റൊരു പേരിലുള്ള ഓഫിസാണ്. ഇതില്‍ സംശയം തോന്നി പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്.  ഇവരുടെ സംഘത്തിലുള്ള ഒരാള്‍ വിദേശത്താണ്. 

തൊഴില്‍ വീസ, ഉപരിപഠന വീസ എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങളെപ്പറ്റി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജുവിന് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് അനധികൃത റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എം.എസ് ഫൈസലിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജിദ്ദയിലേക്ക് മൂന്ന് മാസത്തെ താല്‍ക്കാലിക വീസ വാഗ്ദാനം ചെയ്ത് വ്യാജ സന്ദേശങ്ങള്‍ അയച്ചതിന് എറണാകുളം സൗത്ത് പൊലീസ് ഈയിടെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.