ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കൊല്ലം ചടയമംഗലത്ത് ഒരാള്‍ അറസ്റ്റില്‍. തട്ടിപ്പുകാരന്റെ ദൃശ്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ പകര്‍ത്തുന്നത് ഒഴിവാക്കാന്‍ പ്രതിയുടെ ബന്ധുക്കള്‍ ഏര്‍പ്പെടുത്തിയ സ്വകാര്യ വാഹനത്തിലാണ് ഇയാളെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. മുന്‍പൊലീസ് ഉദ്യോഗസ്ഥനടക്കം പരാതിക്കാരനായ കേസിലെ പ്രതികളെ ചടയമംഗലം പൊലീസ് സംരക്ഷിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

ഖത്തറില്‍ ജോലിവാഗ്ദാനം ചെയ്ത് ഇരുപതു പേരില്‍ നിന്നു ഒരു വര്‍ഷം മുന്‍പ് അന്‍പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.ആയുർ ഇടമുളക്കൽ സ്വദേശി നിയാസാണ് പിടിയിലായത്. മുന്‍ എസ്ഐയെ അടക്കം യുവാവ് കബിളിപ്പിച്ചു. തട്ടിപ്പിനിരായവര്‍ ഒട്ടേറെ തവണ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവുമുണ്ടായില്ല. തുടര്‍ന്ന് കൊല്ലം റൂറല്‍‌ എസ്പിക്ക് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് ശേഷവും പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണമുണ്ട്. കൂട്ടുപ്രതിയായ യുവതി വിദേശത്തേക്ക് കടന്നുവെന്നാണ് നിഗമനം.