ഹെല്‍മറ്റ് ധരിച്ച് എത്തും; തൊഴിലാളികളുടെ ഫോണുകൾ മോഷ്ടിക്കും; പരാതി

നിർമാണം നടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ വസ്ത്രങ്ങളും െമാബൈല്‍ ഫോണുകളും മോഷ്ടിക്കുന്നതായി പരാതി. കൊല്ലം ചിതറ മേഖലയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതിക്കായി അന്വേഷണം തുടങ്ങി. വിഡിയോ റിപ്പോർട്ട് കാണാം. 

ചിതറ പരുത്തി സ്വദേശി നിസാമിന്റെ വീടു നിര്‍മാണം നടക്കുന്നയിടത്താണ് മോഷണം നടന്നത്. വീടിന്റെ പിന്‍വശത്തായിരുന്നു തൊഴിലാളികള്‍. ഇൗ സമയത്താണ് ബൈക്കിലെത്തിയ ആള്‍ വീടിന് മുന്നിലേക്ക് എത്തി തൊഴിലാളികളുടെ മൊബൈല്‍ഫോണും പഴ്സും ഉള്‍പ്പെടെ വിലപിടിപ്പുളളത് മോഷ്ടിച്ചത്. ഏറെ വൈകിയാണ് മോഷണവിവരം തൊഴിലാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിനെ കണ്ടെത്തി. 

വീടും പരിസരവും ആദ്യം നിരീക്ഷിക്കുകയും പിന്നീട് ഹെല്‍മറ്റ് തലയില്‍ വച്ച് എത്തുകയും മോഷണം നടത്തുകയുമായിരുന്നു. ‌കിഴക്കുഭാഗം പളളിക്കുന്നുപുറം സ്വദേശിയാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. ഇതേരീതിയില്‍ കെട്ടിട നിര്‍മാണം നടക്കുന്നയിടത്ത് മോഷണം നടത്തുന്ന ആളിനെ മനസിലാക്കിയതായി പൊലീസ് പറയുന്നു. പ്രതിയെ കണ്ടെത്താനായി ചിതറ പൊലീസ് അന്വേഷണം തുടങ്ങി.