കാട്ടുപന്നിയെ കെണിവച്ച് പിടികൂടി കറി വെച്ചു; രണ്ടു പേർ പിടിയിൽ

മലപ്പുറം വണ്ടൂര്‍ കാപ്പിച്ചാലില്‍ കാട്ടുപന്നിയെ കെണിവച്ച് പിടികൂടി കറി വെച്ച രണ്ടു പേർ വനപാലകരുടെ പിടിയിലായി. വണ്ടൂർ കാപ്പിച്ചാൽ സ്വദേശി  ബാലകൃഷ്ണന്‍റെ വീട്ടിൽ നിന്നാണ് മാംസം പിടിച്ചെടുത്തത്. ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ വനം ഉദ്യോഗസ്ഥര്‍ പരക്കം പായുന്നതിനിടയിലാണ് കേസെടുത്തത്. 

രഹസ്യവിവരത്തെ തുടർണ് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. വേവിച്ചതും, വേവിക്കാതെ ഫ്രിഡ്ജിൽ സൂക്ഷിച്ചതുമായ മാംസം കണ്ടെടുത്തു. കേബിൾ ഉപയോഗിച്ച് കെണി വെച്ചാണ് പന്നികളെ പിടികൂടിയത്. തുടർന്ന് തല്ലിക്കൊല്ലുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പാത്രങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാലകൃഷ്ണനു പുറമെ ബന്ധുവായ കൃഷ്ണകുമാറാണ് പിടിയിലായത്. 

സംഭവവുമായി ബന്ധപ്പെട്ട് മറ്റു മൂന്നു പേർ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. വണ്ടൂര്‍ മേഖലയില്‍ കാലങ്ങളായി കാട്ടുപന്നിശല്ല്യം രൂക്ഷമാണ്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്കും വാഹന യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നു. പ്രദേശത്തു നിന്ന് കാട്ടുപന്നികളെ വനം ഉദ്യോഗസ്ഥര്‍ പിടിക്കുന്നില്ലെന്ന പരാതിയുമായ നാട്ടുകാരും രംഗത്തുണ്ട്.