ഒറ്റക്കുഴൽ തോക്കുമായി ഉറങ്ങാതെ കുമാരൻ കാത്തിരിക്കുന്നു; ആ ‘ശത്രു’വിനായി

ബോവിക്കാനം: ഒറ്റക്കുഴൽ തോക്കുമായി കുമാരൻ നായർ ഉറങ്ങാതെ കാത്തിരിക്കുകയാണ്; ഒരു രാത്രി കണ്ണുവെട്ടിച്ച് പോയെങ്കിനും ‘ശത്രു’ വരാതിരിക്കില്ലെന്ന ഉറപ്പോടെ. കൂരിരുട്ടിന്റെ നിശബ്ദത ഭേദിച്ചെത്തുന്ന അവനെ ഏതുവിധേനയും വകവരുത്താൻ തന്നെയാണ് തീരുമാനം!. അത്രയ്ക്കുണ്ട് പക. കഴിഞ്ഞ കുറെ വർഷങ്ങളായി ഒറ്റയ്ക്കും കൂട്ടമായും വന്ന് എത്രയെത്ര വിളകളാണ് അവൻ നശിപ്പിച്ചത്?.

എത്ര രൂപയുടെ നഷ്ടമാണ് പറമ്പിലുണ്ടാക്കിയത്?.വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് അതിന് ഒരു അറുതി വരുത്താനുള്ള അവസരം ലഭിച്ചിരിക്കുന്നത്. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടി വെച്ചു കൊല്ലാൻ അനുമതി ലഭിച്ച ജില്ലയിലെ ആറു കർഷകരിൽ ഒരാളാണ് കാനത്തൂർ കുണ്ടൂച്ചിയിലെ കെ.കുമാരൻ നായർ. കഴിഞ്ഞ 26 നാണ് ‌ഡിഎഫ്ഒയുടെ ചുമതലയുള്ള അജിത് കെ.രാമൻ ഇദ്ദേഹത്തിന് പന്നിയെ വെടി വയ്ക്കാൻ അനുമതി നൽകിയത്.

തോട്ടത്തിൽ വാഴ, കിഴങ്ങ് വർഗങ്ങൾ, കമുകിൻ തൈകൾ തുടങ്ങിയവയൊക്കെ പന്നി നശിപ്പിക്കാൻ തുടങ്ങിയിട്ടു കാലങ്ങളായി. വെടി വയ്ക്കാൻ അനുമതിയില്ലാത്തതിനാൽ ലൈസൻസ് തോക്കുണ്ടായിട്ടും നിസ്സഹായനായി നിൽക്കുകയായിരുന്നു. രാത്രിയിലും പുലർച്ചെയുമായി എത്തുന്ന പന്നിക്കൂട്ടം കണ്ടതെല്ലാം നശിപ്പിച്ച് പോവുകയാണ് പതിവ്. അനുമതി ലഭിച്ചതിന്റെ പിറ്റേന്ന് തന്നെ പന്നിക്കായി കാത്തിരുന്നെങ്കിലും കാണാൻ സാധിച്ചില്ല. പക്ഷേ പിറ്റേന്ന് നേരം വെളുത്തപ്പോൾ അതാ തോട്ടത്തിലെ കപ്പകളെല്ലാം ‘ആശാൻ’ നശിപ്പിച്ചിരിക്കുന്നു.

അതോടെ ഇദ്ദേഹത്തിനും വാശിയായി. ഉപദ്രവകാരികളായ പന്നികളെ വെടി വയ്ക്കാൻ ജില്ലയിൽ അനുമതി നൽകിത്തുടങ്ങിയത് കഴിഞ്ഞയാഴ്ച മുതലാണ്. റൈഫിൾ അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.കെ.ഫൈസലിനാണ് ജില്ലയിൽ ആദ്യമായി പന്നിയെ വെടി വയ്ക്കാൻ അനുമതി കൊടുത്തത്. പക്ഷേ ഇതുവരെ ആർക്കും പന്നിയെ കൊല്ലാൻ കഴിഞ്ഞിട്ടില്ല.

പന്നിയെ കൊല്ലാൻ വർഷങ്ങൾക്കു മുൻപേ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും, ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത മാനദണ്ഡങ്ങൾ കാരണം ആരും അനുമതി തേടിയിരുന്നില്ല. തേടിയവർക്കു പോലും ഉദ്യോഗസ്ഥർ കൊടുക്കാൻ മടിക്കുകയും ചെയ്തു. ആഴ്ചകൾക്കു മുൻപു ഹൈക്കോടതിയുടെ വിമർശനം നേരിട്ടതോടെയാണ് വനംവകുപ്പ് അനുമതി കൊടുക്കാൻ നിർബന്ധിതമായത്. 

അപേക്ഷ ഡിഎഫ്ഒയ്ക്ക്

ലൈസൻസ് തോക്കുള്ള കർഷകർക്കാണ് പന്നിയെ വെടി വയ്ക്കാൻ അനുമതി കൊടുക്കുന്നത്. ഡിഎഫ്ഒയ്ക്കാണ് വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ കൊടുക്കേണ്ടത്. അപേക്ഷ കൊടുത്ത് ദിവസങ്ങൾക്കകം തന്നെ അനുമതി കൊടുക്കുന്നുണ്ട്. സംരക്ഷിത വനത്തിൽ നിന്നു 2 കിലോമീറ്റർ ദൂരത്തുള്ള സ്ഥലങ്ങളിലുള്ളവർക്കു മാത്രമാണ് നിലവിൽ അനുമതി. അതേസമയം അനുമതി ലഭിച്ചാൽ ഈ ദൂരപരിധി പാലിച്ച് എവിടെയും പോയി പന്നിയെ കൊല്ലാം. അതിനു മുൻപ് ആ പ്രദേശത്തെ വനംവകുപ്പ് ഉദ്യോഗസ്ഥനെ അറിയിക്കണമെന്നു മാത്രം.

1000 രൂപ പാരിതോഷികം

ഒരു പന്നിയെ കൊന്നാൽ വെടി വച്ചയാൾക്ക് വനംവകുപ്പ് 1000 രൂപ നൽകും. പന്നിയെ കൊന്ന ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യണം. 

ജില്ലയ്ക്ക് ആശ്വാസം

കാട്ടുപന്നി ശല്യത്തിൽ വലയുന്ന കർഷകർക്ക് നേരിയ ആശ്വാസമാണ് വനംവകുപ്പിന്റെ ഈ തീരുമാനം. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ഇവിടെ 2 പേരാണ് പന്നിയുടെ കുത്തേറ്റ് മരിച്ചത്. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുമുണ്ട്. കൃഷി നാശവും ഏറെ. പന്നിയെ സംരക്ഷിത പട്ടികയിൽ പെടുത്തിയതോടെ ഇവയുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ് ഉണ്ടായത്. കുറുക്കൻ, ചെന്നായ തുടങ്ങിയവയാണ് പന്നിയുടെ എണ്ണം നിയന്ത്രിക്കുന്നത്. പന്നിക്കുഞ്ഞുങ്ങളെ ഇവ തിന്നുന്നതാണ് കാരണം.

എന്നാൽ കുറുക്കനും ചെന്നായയും ഇപ്പോൾ കാട്ടിൽ തീരെ കുറവാണ്. ചില പ്രദേശങ്ങളിൽ തീരെയില്ല. ഇതോടെ ജനിക്കുന്നവയിൽ ഭൂരിഭാഗവും വളരുകയും വംശ വർധനവ് കൂടുകയും ചെയ്തു. അതേസമയം സംരക്ഷിത വനത്തിന്റെ 2 കിലോമീറ്റർ പരിധിയിൽ പന്നിയെ വെടി വെക്കാൻ പാടില്ലെന്ന നിബന്ധന കർ‌ഷകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്നതാണ്. ഏറ്റവും കൂടുതൽ പന്നിശല്യം ഈ പ്രദേശങ്ങളിലാണ്.