കാട്ടുപന്നികൾ വ്യാപകമായി ചത്തു വീഴുന്നു; കാരണം അറിയണമെന്ന് നാട്ടുകാർ; പരിഭ്രാന്തി

കൊടുമൺ: പ്ലാന്റേഷൻ മേഖല ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി ചത്തു വീഴുന്നത് നാട്ടുകാരിൽ പരിഭ്രാന്തി ഉളവാക്കുന്നു. കഴിഞ്ഞ ദിവസം പ്ലാന്റേഷൻ കോർപറേഷന്റെ കൊടുമൺ എസ്റ്റേറ്റിലെ ബി ഡിവിഷനിലും തേപ്പുപാറയിലും അങ്ങാടിക്കൽ വടക്ക് പ്രദേശത്തും കാട്ടുപന്നികൾ ചത്തുവീണു. പന്നികളിൽ ഏതെങ്കിലും തരത്തിലുള്ള രോഗം ഉണ്ടെന്ന സംശയം ആണ് ഉണ്ടാകുന്നത്. 

പന്നികളുടെ ശരീരത്തിൽ നിന്ന് വീഴുന്ന മൂട്ട പൊതുജനത്തിന് പൊതുവേ ഭീഷണിയാണ്. അവ ശരീരത്തിൽ കയറുന്നത് മൂലം ചൊറിച്ചിലും അലർജിയും ഉണ്ടാകുന്നുണ്ട്. ഇത് ഒരു വർഷം മുൻപ് പ്രദേശവാസികളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു.

ഇതുകൂടാതെ ആണ് ഇത്തരത്തിൽ ഇപ്പോൾ കാട്ടുപന്നി ചത്തു വീഴുന്നത്. വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി ചത്ത പന്നികളെ മറവു ചെയ്തു. വിഷാംശം ഉള്ളിൽ ചെന്നതായി ആണ് അവരുടെ നിഗമനം. എന്നാൽ അവർ പോസ്റ്റ്മോർട്ടം നടത്താത്തത് മൂലം വ്യക്തമായ കാരണം ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുമെന്ന ആശങ്കയാണ് തൊഴിലാളികൾക്ക് ഉള്ളത്.