കർഷകർക്ക് ആശ്വാസം; നാശംവിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി

കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാന്‍ ഹൈക്കോടതി അനുമതി. കൃഷിയിടത്തിൽ പ്രവേശിക്കുന്ന പന്നികളെ കൊല്ലാൻ അനുമതിതേടിയ ഹർജിക്കാർക്ക് മാത്രമാണ് ഇടക്കാല ഉത്തരവിലൂടെ കോടതിയുടെ അനുമതി. കാട്ടുപന്നികളുടെ ആക്രമണം ചെറുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

 കൃഷിയിടത്തിലും പുരയിടത്തിലും വരെ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമായതോടെയാണ്  വിവിധ ജില്ലകളിലെ കർഷകർ ഹൈക്കോടതിയെ സമീപിച്ചത്. കർഷകർ നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബഞ്ച് കൃഷിയിടത്തിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഹർജിക്കാർക്ക് അനുമതി നൽകി.

കാട്ടുപന്നികളുടെ ആക്രമണം ചെറുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ വിലയിരുത്തി.പന്നികളുടെ ആക്രമണം രൂക്ഷമാണെന്നും  ഇക്കാര്യത്തിൽ കോടതി ഇടപെടലും ആവശ്യപ്പെട്ടാണ് കർഷകർ ഹർജി നൽകിയത്. നിലവിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തടയാനായി കെണിയൊരുക്കുവാനോ ,മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയാണ് . വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെട്ട കാട്ടുപന്നികൾ കൃഷിയിടത്തിൽ പ്രവേശിച്ചാൽ നിസ്സഹായരായി നോക്കി നിൽക്കേണ്ട അവസ്ഥയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി .തുടർന്ന് ഹർജിക്കാരായ കർഷകർക്ക് പന്നികളെ കൊല്ലാനുള്ള അനുമതി ഒരു മാസത്തിനകം നൽകാൻ കേരള വൈൽഡ് ലൈഫ് വാർഡനു ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.