എ.ടി.എം സെന്‍സറില്‍ കൃത്രിമം കാട്ടി പണംതട്ടി; 4 പേര്‍ അറസ്റ്റില്‍

എ.ടി.എം സെന്‍സറില്‍ കൃത്രിമം കാട്ടി പണം തട്ടുന്ന ഉത്തരേന്ത്യന്‍ സംഘം തൃശൂരില്‍ അറസ്റ്റില്‍. ബാങ്കുകളുടെ പണമാണ് കബളിപ്പിച്ച് തട്ടിയെടുക്കുന്നത്. യു.പിക്കാരായ നാലു പേരാണ് എ.ടി.എം തട്ടിപ്പിന് അറസ്റ്റിലായത്. യു.പിയില്‍ യാചകരുടെ പേരില്‍ ഇവര്‍ അക്കൗണ്ട് തുടങ്ങും. എ.ടി.എം. കാര്‍ഡ് കൈക്കലാക്കും. യാചകര്‍ക്ക് ആയിരം രൂപയാണ് പ്രതിഫലം. ഇങ്ങനെ, സംഘടിപ്പിച്ച നൂറിലേറെ എ.ടി.എം. കാര്‍ഡുകളുമായി ഇവര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുറ്റും. എം.ടി.എം. കൗണ്ടറില്‍ കയറി കാര്‍ഡ് സ്വൈപ്പ് ചെയ്യും. മെഷീന്‍ പണം എണ്ണിത്തുടങ്ങുമ്പോള്‍ സെന്‍സറില്‍ കൈ മറയ്ക്കും. ഇങ്ങനെ വരുമ്പോള്‍ എ.ടി.എമ്മില്‍ എറര്‍ മെസേജായിരിക്കും വരിക. ട്രേയില്‍ പണവും വരും. അക്കൗണ്ടില്‍ നിന്ന് പണം പോയതു സംബന്ധിച്ച് ബാങ്കിന് ആശയക്കുഴപ്പമുണ്ടാകും.

ഇതു മുതലാക്കാന്‍ അക്കൗണ്ട് ഉടമയെക്കൊണ്ട് പരാതി നല്‍കും. ബാങ്ക് ആകട്ടെ പണം അക്കൗണ്ട് ഉടമയ്ക്കു തിരിച്ചു നല്‍കും. ബാങ്കുകളുടെ എ.ടി.എം. സാങ്കേതികവിദ്യയിലെ പോരായ്മ തിരിച്ചറിഞ്ഞു കൊണ്ടാണ് ഇവരുടെ തട്ടിപ്പ്. ഇത്രയും വിദഗ്ധമായി ബാങ്കിനെ കബളിപ്പിക്കാനുള്ള സൂത്രവിദ്യ എവിടെ നിന്ന് പഠിച്ചുവെന്ന് ഇനിയും ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. യു.പിക്കാരായ നാലു പേരും റയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള എ.ടി.എം കൗണ്ടറില്‍ തട്ടിപ്പിന് ശ്രമിച്ചപ്പോഴാണ് പിടിയിലായത്. 

ബാങ്ക് അധികൃതര്‍ നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. രണ്ടരലക്ഷം രൂപയോളം ഒരു ബാങ്കിന്റെ മാത്രം നഷ്ടപ്പെട്ടു. രാജ്യമൊട്ടുക്കും ഇങ്ങനെ എ.ടി.എം. തട്ടിപ്പ് നടത്തി ബാങ്കിനെ കബളിപ്പിച്ച് പണം കൈക്കലാക്കുന്ന സംഘങ്ങള്‍ സജീവമാണെന്നാണ് സൂചന. ഈസ്റ്റ് പൊലീസും സിറ്റി ഷാഡോ പൊലീസും ചേര്‍ന്നായിരുന്നു പ്രതികളെ പിടികൂടിയത്.