ട്രാക്കില്‍ നിന്നും മാറിനില്‍ക്കാന്‍ പറഞ്ഞു; ട്രെയിനിനു നേരെ കല്ലേറ്; 3 പേർ പിടിയിൽ

കണ്ണൂരില്‍ ട്രെയിനിനു നേരെ കല്ലെറിഞ്ഞ മൂന്നുപേരെ റെയില്‍വെ പൊലീസ് പിടികൂടി.  അറസ്റ്റിലായത് രാജസ്ഥാന്‍ സ്വദേശികള്‍. അഞ്ചു വര്‍ഷം വരെ തടവു കിട്ടാവുന്ന ജാമ്യമില്ലാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ട്രെയിനിനു നേരെ ഇവര്‍ കല്ലെറിഞ്ഞത്. രാജസ്ഥാന്‍ സ്വദേശികളായ ലഖാന്‍  സിങ് മീണ, പവന്‍ മീണ, മുബാറക് ഖാന്‍ എന്നിവരെ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തു. യാര്‍ഡില്‍ ഷണ്ടിങ് നടത്തുന്നതിനിടയിലാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. റെയില്‍വെ ട്രാക്കില്‍ നിന്നും മാറിനില്‍ക്കാന്‍ ട്രെയിനിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കുനേരെയും കല്ലേറുണ്ടായി. റെയില്‍വെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപെട്ടിരുന്നു. സാഹസികമായാണ് പ്രതികളെ പിടികൂടിയത്. നാലു സംഘങ്ങളായി തിരിഞ്ഞായിരുന്നു റെയില്‍വെ പൊലീസിന്‍റെ തിരച്ചില്‍. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നു പേരെ പിടികൂടി. ട്രെയിനിലുണ്ടായ ജീവനക്കാരനെ സ്ഥലത്തെത്തിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ട്രെയിനിനു നേരെ കല്ലെറിയുന്നത് വലിയ അപകടം വരുത്തിവെക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും റെയില്‍വെ പൊലീസ് പറഞ്ഞു.

കല്ലേറില്‍ പരുക്കേല്‍ക്കാതെ ഉദ്യോഗസ്ഥര്‍ അത്ഭുതകരമായാണ് രക്ഷപെട്ടത്. ആര്‍ പി എഫ് ഇന്‍സ്പെക്ടര്‍ ബിനോയ് ആന്‍റണിയുടെ നേതൃത്വത്തില്‍, എ.എസ്.ഐമാരായ ബിജു നെരിച്ചന്‍, എം കെ ശ്രീലേഷ്, കോണ്‍സ്റ്റബിള്‍മാരായ ജയചന്ദ്രന്‍, പുരുഷോത്തമന്‍, സോജന്‍, ഹരീന്ദ്രന്‍, കാര്‍മിലി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.