പാലക്കാട്ടും സമാന്തര എക്സ്ചേഞ്ച്; പ്രവർത്തനം വാടകമുറിയിൽ

പാലക്കാട് നഗരത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. മേട്ടുപ്പാളയം സ്ട്രീറ്റിലെ വാടകമുറിയിലാണ് സമാന്തര എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. കോഴിക്കോട് സ്വദേശി മൊയ്തീന്‍കുട്ടി പൊലീസ് കസ്റ്റഡിയിലാണ്. 

മറ്റ് നഗരങ്ങളിലെ എക്സ്ചേഞ്ചുമായി പാലക്കാട്ടെ കേന്ദ്രത്തിനും ബന്ധമുണ്ടെന്ന സൂചന ഐ.ബി പ്രത്യേകം പരിശോധിക്കും.  കോഴിക്കോട്ടിനും തൃശൂരിനും പിന്നാലെയാണ് പാലക്കാട്ടും സമാന്തര ടെലിഫോൺ എക്സ്ചേഞ്ചിന്റെ പ്രവർത്തനം കണ്ടെത്തിയത്. സിം റൗട്ടറും പത്തിലധികം സിം കാര്‍ഡുകളും നൂറിലധികം സിം കാര്‍ഡ് കവറുകളും ഐ.ബി പിടികൂടി. എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളും കണ്ടെത്തി. സിം കാര്‍ഡുകളില്‍ ഭൂരിഭാഗവും ബംഗാള്‍ മേഖലയില്‍ നിന്നുള്ളതാണ്. ഇതിന്റെ ഉറവിടം വിശദമായി പരിശോധിക്കും. കോഴിക്കോട്ടെ സമാന്തര എക്സ്ചേഞ്ചുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണു പാലക്കാട്ടെയും സൂചന ലഭിച്ചത്. പാലക്കാടിന് പുറമെ ഒരേസമയം കൊച്ചി, കോഴിക്കോട്, ഹൈദരബാദ് എന്നിവിടങ്ങളിലും പരിശോധനയുണ്ടായി. നാലിടങ്ങളിലെയും ബന്ധത്തിന് സൂചന ലഭിച്ചതായും മുഴുവന്‍ വിവരങ്ങളും പരിശോധിക്കുമെന്നും ജില്ലാ പൊലീസ് േമധാവി. 

കോഴിക്കോട്, തൃശൂർ ജില്ലകളിലെ പരിശോധനയ്ക്കു ശേഷം പാലക്കാട്ടെ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. നഗരത്തില്‍ തിരക്കേറിയ ഇടത്തെ എക്സ്ചേഞ്ച് പ്രവര്‍ത്തനത്തില്‍ ദുരൂഹതയുണ്ടെന്ന് ഐ.ബി വിലയിരുത്തി. സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് രണ്ട് മുറികളിൽ വ്യാജ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. സ്ഥാപനം അടഞ്ഞുകിടക്കുകയാണെങ്കിലും ഇവിടെ ആളുകൾ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. രേഖയില്‍ മരുന്ന് വിതരണമാണെങ്കിലും അതിന്റെ സൂചനകളില്ല.