ഹഷിഷ് ഓയിലുമായി യുവാവ് പാലക്കാട് അറസ്റ്റിൽ

മുപ്പത് ഗ്രാം ഹഷിഷ് ഓയിലുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് ഇരട്ടക്കുളം സ്വദേശി അജ്മല്‍ ഫവാസിനെയാണ് ആലത്തൂര്‍ പൊലീസ് പിടികൂടിയത്. വിവിധ ജില്ലകളില്‍ യുവാവ് ലഹരിവില്‍പന പതിവാക്കിയിരുന്നതിന്റെ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. നാല് ബോട്ടിലുകളിലായാണ് ഹഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത്. ഇരട്ടക്കുളത്ത് ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് അജ്മല്‍ ഫവാസ് വലയിലായത്. പിടിച്ചെടുത്ത ഹഷിഷ് ഓയിലിന് നാല്‍പ്പതിനായിരം രൂപ വില വരും. ആലത്തൂര്‍, വടക്കഞ്ചേരി മേഖലയില്‍ ലഹരി വില്‍പനയുടെ മുഖ്യ കണ്ണിയാണ് അജ്മലെന്ന് പൊലീസ് പറഞ്ഞു. 

രഹസ്യ കേന്ദ്രങ്ങളില്‍ വച്ചാണ് കഞ്ചാവ് വാറ്റി ഹഷിഷ് ഓയില്‍ നിര്‍മിക്കുന്നത്. കഞ്ചാവിനെക്കാളും പതിന്‍മടങ്ങ് വീര്യം കൂടിയതും രഹസ്യമായി കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാണ് ഹഷിഷിന് കൂടുതല്‍ ആവശ്യക്കാരുണ്ടാകാന്‍ കാരണം. സിഗരറ്റില്‍ പുരട്ടിയാണ് ഉപയോഗം. കൊച്ചി, തൃശ്ശൂര്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹഷിഷ് ഓയില്‍ എത്തിച്ചു നല്‍കുന്നതെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ലഹരിവിരുദ്ധ സ്ക്വാഡിന്റെ ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് അജ്മല്‍ ഫവാസ് പിടിയിലായത്.