രക്ഷിതാക്കൾ ഉറങ്ങിയാൽ പുറത്തിറങ്ങും; 'നൈറ്റ് ഔട്ട്' പുതിയ രീതി; കുട്ടിമോഷ്ടാക്കൾ കുടുങ്ങി

കോഴിക്കോട് നഗരത്തിൽ നിന്ന് രണ്ട് കുട്ടി മോഷ്ടാക്കൾ ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തത് ഇന്നലെ വാർത്തയായിരുന്നു. ഇവരെ പിടികൂടിയതോടെ എൺപതിലധികം മോഷണങ്ങൾക്കാണ് തുമ്പുണ്ടായിരിക്കുന്നത്. ഇതൊടൊപ്പം പുറത്തുവരുന്ന നൈറ്റ് ഔട്ട് എന്ന മോഷണ രീതിയും. മോഷ്ടിച്ച വാഹനത്തിന് രൂപമാറ്റം വരുത്തും. ത്രിയിൽ മൂന്നോ നാലോ പേർ ഒരു വണ്ടിയിൽ കറങ്ങി നടന്ന് ഷോപ്പുകൾ ആയുധം ഉപയോഗിച്ച് പൂട്ടുകൾ പൊളിക്കും. പണവും മറ്റു സാധനങ്ങളും മോഷണം നടത്തും. ആഢംബര ജീവിതത്തിനും ലഹരിമരുന്ന് ഉപയോഗത്തിനുമുള്ള പണമാണ് കണ്ടെത്തുന്നത്. ഈ രീതിക്കാണ് നൈറ്റ് ഔട്ട് എന്ന് അറിയപ്പെടുന്നത്. 

രക്ഷിതാക്കളോട് സുഹൃത്തുക്കളുടെ ബർത്ത് ഡേ പാർട്ടിക്കോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കളവുകൾ പറഞ്ഞോ ആണിവർ പുറത്തിറങ്ങുന്നത്. അല്ലെങ്കിൽ രക്ഷിതാക്കൾ ഉറങ്ങിയ ശേഷം വീടുവിട്ടിറങ്ങി മോഷണം നടത്തി വീട്ടിൽ കയറുകയും ചെയ്യുന്നു.വാഹനത്തിന്റെ പെട്രോൾ തീർന്നാൽ ആ വാഹനം അവിടെ ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷണം നടത്തി ഉപയോഗിക്കുകയും ചെയ്യുന്നു. കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പോലീസ് കേസെടുക്കില്ലെന്ന തെറ്റിദ്ധാരണ കൊണ്ടും ആഡംബര ജീവിതത്തിനും ലഹരി ഉപയോഗത്തിനും രക്ഷിതാക്കളിൽ നിന്നും പണം ലഭിക്കാതെ വരുമ്പോഴാണ് രക്ഷിതാക്കൾ അറിയാതെ നൈറ്റ് ഔട്ട് നടത്തുന്നത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തി വിലസി നടന്ന കുട്ടികൾ ഉൾപ്പെട്ട മോഷണ സംഘത്തെ കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. കക്കോടി  മക്കട യോഗി മഠത്തിൽ ജിഷ്ണു (18), മക്കട ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൂടാതെ കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളെ രക്ഷിതാക്കൾ ക്കൊപ്പം വിളിച്ചു വരുത്തുകയുമായിരുന്നു.

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തിൽ നടന്ന ഭൂരിഭാഗം മോഷണ കേസുകളിലും കുട്ടികളുടെ പങ്ക് കൂടുതലായി കാണുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജിന്റെ നിർദേശപ്രകാരം ക്രൈം സ്ക്വാഡ് പ്രത്യേക നിരീക്ഷണം നടത്തിയാണ് ഇവരെ വലയിലാക്കിയത്. ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷ്ടിച്ച ആക്ടീവ സ്കൂട്ടർ,

വീട്ടിൽ പതിവുപോലെ എത്തുകയും സുഹൃത്തുക്കളുടെ അടുത്തെക്കെന്ന് പറഞ്ഞോ അല്ലെങ്കിൽ രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ട് പുറത്തിറങ്ങി ശേഷം ഫണ്ടിനായി നൈറ്റ് ഔട്ട് എന്ന പേരിൽ ചുറ്റി കറങ്ങി മോഷണം നടത്തുകയാണ് ചെയ്യുന്നത്.അർധരാത്രിയിൽ ബൈക്കിൽ ട്രിപ്പിൾ അല്ലെങ്കിൽ നാലുപേരെ വെച്ചോ പോയി വാഹനം മോഷ്ടിച്ച് പിന്നീട് സമീപപ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. പിന്നീട് രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടക്കുകയും ചെയ്യുന്നു. രക്ഷിതാക്കൾ അറിയുന്നില്ല കുട്ടികൾ പുറത്തിറങ്ങു‌ന്നതും മോഷണം നടത്തുന്നതും. മക്കൾ എവിടെ പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നുള്ള കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് മുന്നറിയിപ്പ്.