വാഹനമോഷ്ടാക്കളെ കീഴ്പ്പെടുത്തി ജീപ്പിലെത്തിയ സ്ത്രീ; വൈറലായി വിഡിയോ

വാഹന മോഷ്ടാക്കളെ നേരിട്ട സ്ത്രീക്ക് കയ്യടിക്കുകയാണ് ഈ വിഡിയോ കാണുന്നവര്‍. അത്രയ്ക്ക് ധീരമായ ചെറുത്തുനില്‍പ്. തോക്കു ചൂണ്ടി തന്റെ വാഹനം മോഷ്ടിക്കാനെത്തിയ യുവാക്കൾക്ക് ജീപ്പ് ‘ചെറോക്കി’ ഉപയോഗിച്ചാണ് ഇവർ മറുപടി കൊടുത്തിരിക്കുന്നത്. സംഭവം നടന്നത് ദക്ഷിണാഫ്രിക്കയിലാണ്. മകളുമായി ജീപ്പ് ചെറോക്കിയിൽ വീട്ടിലേക്ക് പ്രവേശിക്കുമ്പോഴാണ് വാഹനം മോഷ്ടിക്കാൻ യുവാക്കൾ ശ്രമിച്ചത്.

യുവതിയുടെ പുറകെ വാനിൽ വീട്ടിലേക്ക് കയറിയ മൂന്നു യുവാക്കൾ ഇവരോട് വാഹനത്തിൽ നിന്നു ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാഹനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ പിടിച്ചു നിൽക്കാൻ യുവതി ജീപ്പ് വേഗത്തിൽ പുറകോട്ടെടുത്ത് വാൻ ഇടിച്ചു തെറിപ്പിച്ചു. മോഷ്ടാക്കൾ വാഹനത്തെ ഇടിപ്പിക്കുന്നത് തടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും നടന്നില്ല. ഗേറ്റിനു പുറത്തെത്തിയ വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതി വീണ്ടും വാഹനം ഇടിച്ചു തെറിപ്പിച്ചു. വേറെ മാർഗമില്ലാതെ വാഹനം ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

ജീപ്പിന്റെ ലക്ഷ്വറി എസ്യുവികളിലൊന്നാണ് ഗ്രാൻഡ് ചെറോക്കി. സൗത്ത് ആഫ്രിക്കയിലാണ് ഇത് വിൽപ്പനയിലുള്ളത്. ഇതിന്റെ വില ആരംഭിക്കുന്നത് 78 ലക്ഷം മുതലാണ്.