ലീറ്ററിന് 1500 രൂപയ്ക്ക് ചാരായം വിൽപ്പന; വാറ്റുപകരണങ്ങളടക്കം പിടികൂടി

ഇടുക്കി അണക്കര മൈലാടുംപാറയില്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തുണ്ടിപ്പറമ്പില്‍ ബെന്നിച്ചന്റെ കന്നുകാലി തൊഴുത്തിനോട് ചേർന്ന് ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. ബവ്റിജസും ബാറുകളും പൂട്ടിയതോടെ വാറ്റ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നതായാണ് എക്സൈസ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍.

ഉടുമ്പന്‍ചോല എക്‌സൈസും, ഇടുക്കി എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയത്. നാല്‍പത്തിയാറുകാരനായ ബെന്നിച്ചന്റെ വീടിനോട് ചേര്‍ന്ന കന്നുകാലി തൊഴുത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 3 ലീറ്റർ ചാരായവും വാറ്റുപകരണങ്ങളും. പരിശോധന സമയം പ്രതി വീട്ടിലില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ല. കോവിഡ് നിയന്ത്രണങ്ങൾ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്നത് മുതലെടുത്താണ് ചാരായം വാറ്റ് നടന്നിരുന്നത്. ലീറ്ററിന് 1500 രൂപയ്ക്കാണ് പ്രതി ചാരായം വിൽപ്പന നടത്തിയിരുന്നതെന്നും എക്‌സൈസ് അറിയച്ചു.

കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വ്യാജ മദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് നെടുങ്കണ്ടം സര്‍ക്കിളിലാണ്. അറുപത്തിമൂന്ന് കേസുകളാണ് അന്ന് എക്സൈസ് റജിസ്റ്റര്‍ ചെയ്തത്.