കൊലക്കേസ് പ്രതിയുടെ കാല്‍വെട്ടിമാറ്റിയ കേസ്: പ്രതിക്കായി അന്വേഷണം തുടരുന്നു

തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍വെട്ടിമാറ്റിയ സംഘത്തിലെ ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു.  നാലു പ്രതികളെ ഇന്നലെ അറസ്റ്റുചെയ്തിരുന്നു.  ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

2018ല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ എബിന്റെ കാലാണ് കഴിഞ്ഞദിവസം വെട്ടിമാറ്റിയത്. ആക്രമണത്തില്‍ നേരിട്ട്  അഞ്ചുപേര്‍ പങ്കെടുത്തെന്നാണ് പൊലീസ് നിഗമനം. നാലുപേരെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ശ്രീകാര്യം മഠത്തുനട സ്വദേശി സുമേഷ്, മണ്ണന്തല സ്വദേശി മനോജ്, പേരൂര്‍ക്കടക്കാരന്‍ വിനുകുമാര്‍, പാതിരപ്പിള്ളി സ്വദേശി അനന്തു എന്നിവരാണ് ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. 

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളേക്കുറിച്ചും ഗൂഢാലോചനയില്‍ പങ്കെടുത്തവരേക്കുറിച്ചും അന്വേഷണം തുടരുകയാണ്. ബുധനാഴ്ചയാണ് ഇവക്കോട് പ്രതിഭാ നഗറിലെ വീടിനടുത്ത് സുഹൃത്തിനൊപ്പം നിന്ന എബിന് നേരെ ആക്രമണമുണ്ടായത്. രണ്ട് വാഹനത്തിലായി വന്ന സംഘം വലത് കാല്‍ വെട്ടിമാറ്റുകയായിരുന്നു. പിടിയിലായവരെല്ലാം ആര്‍.എസ്.എസ് പ്രവര്‍ത്തകരും 2018ല്‍ കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തുക്കളുമാണ്. 

രാജേഷിനെ കൊലപ്പെടുത്തിയതിനുള്ള പകരം വീട്ടലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. മാസങ്ങളായി ഇതിനുള്ള തയാറെടുപ്പ് തുടങ്ങിയതായും കരുതുന്നു. പിടിയിലായ സുമേഷ് നേരത്തെ സി.പി.എം ഇടവക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എല്‍.എസ്.സാജുവിനെ ആക്രമിച്ച കേസിലും പ്രതിയാണ്. കഴക്കൂട്ടം എ.സി.പിയുടെയും ശ്രീകാര്യം പൊലീസിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.