കാറിൽ കടത്തിയ 144 കുപ്പി മദ്യം പിടികൂടി; സംഘത്തിലെ പ്രധാനി പിടിയിൽ

കോട്ടയത്തേക്കുൾപ്പെടെ പുതുച്ചേരി മദ്യം കടത്തുന്ന സംഘത്തിലെ പ്രധാനി മുണ്ടക്കയത്ത് പിടിയിലായി. വിൽപ്പനയ്ക്കായി കാറിൽ കടത്തികൊണ്ടു വന്ന 144 കുപ്പി മദ്യവും എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. മുണ്ടക്കയം കോസ് വേ പാലത്തിന് സമീപം ബൈപാസ് റോഡിൽ വച്ചാണ്  വിൽപ്പനയ്ക്കായി കൊണ്ടു വന്ന പുതുച്ചേരി മദ്യം കാറിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തലശ്ശേരി കതിരൂർ മലമ്മൽ സുജിത്താണ് അറസ്റ്റിലായത്. കോട്ടയം  എക്സൈസ് കമ്മീഷഷണറുടെ സ്ക്വാഡ് അംഗത്തിന്  ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ജില്ലയുടെ മലയോരമേഖല കേന്ദ്രീകരിച്ച് വ്യാപകമായി പുതുച്ചേരി മദ്യം വിതരണം ചെയ്യുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. 

ജില്ല അതിർത്തികളിൽ വിജനമായ റോഡിന്റെ വശങ്ങളിൽ മദ്യവുമായി എത്തുന്ന വാഹനം കാരിയർമാർ പാർക്ക് ചെയ്യും. വാഹനം ലോക്ക് ചെയ്ത ശേഷം താക്കോൽ ഒളിപ്പിച്ച് ആദ്യ കരിയാർ സ്ഥലം വിടും.  താക്കോൽ ശേഖരിച്ച്  വാഹനം നിർദേശിക്കുന്ന സ്ഥലത്ത് എത്തിക്കുന്ന ദൗത്യം അടുത്ത കാരിയറിനാണ്. ഇത്തരത്തിൽ കടത്തികൊണ്ടു വരുന്നതിനിടെയാണ് സുജിത്ത് പിടിയിലായത്. മദ്യക്കടത്തിന്റെ പേരിൽ സുജിത്ത് പലതവണ പിടിയിലായിട്ടുണ്ട്.  സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചുള്ള സൂചനകളും എക്സൈസിന് ട്ടുണ്ട്. സമാനമായ രീതിയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളും അയൽ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിൽ എത്തുന്നുണ്ട്.