പീഡനശ്രമം; രക്ഷ തേടി 30 അടി താഴേക്ക് ചാടി 18കാരി; വീണത് പൊലീസിന്‍റെ കയ്യിൽ

ബലാൽസംഗം ചെയ്യാൻ ശ്രമിച്ചവരിൽ നിന്നും രക്ഷപെടാൻ 30 അടി താഴ്ചയിലേക്ക് ചാടിയ യുവതി ചെന്നുവീണത് പൊലീസുകാരുടെ കയ്യിൽ. റഷ്യയിലെ അൽടായിലുള്ള ബർണോൾ സിറ്റിയിലാണ് സംഭവം. 18 വയസുകാരിയെ 37 വയസും 26 വയസുമുള്ള രണ്ട് യുവാക്കളാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. രക്ഷപെടാനായി ഓടിയ യുവതി മൂന്നാംനിലയിലേക്കെത്തി. ജനലിലൂടെ പുറത്തേക്ക് ചാടാനായിരുന്നു ശ്രമം.

യുവതി അപ്പാർട്ട്മെന്റിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് യുവാക്കൾ ആക്രമിച്ചത്. ഇവരെ മർദിക്കുകയും ലൈംഗിക പീഡനത്തിന് ശ്രമിക്കുകയും ചെയ്തു. ഇതോടെ രക്ഷപെടാൻ ഓടിയ യുവതി മൂന്നാം നിലയിലെ ജനലിൽ കയറി. ഈ സമയം സംഭവം അറിഞ്ഞ് രണ്ടു പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു. യുവതിയോട് ചാടരുതെന്ന് പൊലീസ് പലതവണ അപേക്ഷിച്ചു. എന്നാൽ ഭയന്നുവിറച്ച യുവതി താഴേക്ക് ചാടുകയായിരുന്നു.

ഈ സമയം കൃത്യമായി പ്രതികരിച്ച പൊലീസുകാരന്റെ കൈകളിലേക്കാണ് യുവതി വന്നു വീണത്. ഇതോടെ പരുക്കുകളൊന്നും കൂടാതെ യുവതിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർക്കായി. ഒലേഗ് കൊറോബ്കിൻ, അലക്സാണ്ടർ ബെദുഷെവ് എന്നിവരാണ് പെൺകുട്ടിയുടെ രക്ഷകരായത്.എന്നാൽ ഫ്ലാറ്റിൽ തന്നെയുള്ള 19 വയസുള്ള മറ്റൊരു പെൺകുട്ടിയാണ് യുവാക്കളെ വിട്ട് തന്നെ തന്നെ ആക്രമിച്ചതെന്നും മുൻവൈരാഗ്യമാണ് പിന്നിലെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. കാലിന് ചെറിയ പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ പൊലീസ് പിടികൂടി.