വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമം; മുഖ്യപ്രതിയടക്കം രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം പള്ളിപ്പുറത്ത് വ്യാപാരിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതിയടക്കം രണ്ട് പേർ പിടിയിൽ. ഒളിവിലുള്ള രണ്ട് പേര്‍ക്കായി അന്വേഷണം തുടങ്ങി. ഒരാഴ്ച മുന്‍പാണ് വ്യാപാരിക്ക് നേരെ ആക്രമണമുണ്ടായത്.

18 ന് വൈകിട്ടാണ് പള്ളിപ്പുറത്തിനടുത്ത് സി ആർ പി എഫ് ജംഗ്ഷനിലുള്ള ബേക്കറിയിൽ അതിക്രമിച്ച് കയറി കടയുടമയായ സജാദിനെ ആക്രമിച്ചത്. മാരകമായി കുത്തി ക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കുത്തേറ്റു. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തി.  ഒന്നും രണ്ടും പ്രതികളായ പള്ളിപ്പുറം സ്വദേശി ഷാനവാസ് , നഗരൂർ സ്വദേശി റിയാസ് ( 32) എന്നിവരേയാണ് മംഗലപുരം പോലീസ് പിടികൂടിയത്.

സംഘത്തിലുണ്ടായിരുന്ന കരിക്ക് അൻസാർ എന്ന് വിളിക്കുന്ന അൻസാർ, ചിറയിൻകീഴ് സ്വദേശി ഫിറോസ് എന്നിവർ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വധശ്രമവും കവർച്ചയും ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിലായി 20 ഓളം കേസുകളുണ്ട് ഒന്നാം പ്രതിയായ ഷാനവാസിനെതിരെ. ഗുണ്ടാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച്‌  സജാദിന്റെ അമ്മ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്കിയിരുന്നു. ഇതിന് ശേഷം അന്വേഷണം ശക്തമായതോടെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ചാത്തന്നൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് വിശദീകരിച്ചു.