കോടിഷ് നിധി എം.ഡി ജീവനക്കാരെയും വഞ്ചിച്ചു; നടന്നത് കോടികളുടെ തട്ടിപ്പ്

ഉയര്‍ന്ന ശമ്പളവും ജോലിസ്ഥിരതയും ഓര്‍മിപ്പിച്ചാണ് കോടിഷ് നിധി എം.ഡി അബ്ദുള്ളക്കുട്ടി ജീവനക്കാരെ സമ്മർദ്ദത്തിലാക്കിയിരുന്നത്. ശാസന ഭയന്ന് പലരും കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെ പണം നിക്ഷേപിക്കാന്‍ തയാറായി. റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചാലുടന്‍ സംസ്ഥാന വ്യാപകമായി ശാഖകള്‍ തുറക്കുമെന്നും വിശ്വസിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പുണ്ടായെന്നും ജീവനക്കാര്‍ പറയുന്നു.  

മണ്ണൂര്‍ ശാഖയിലെ മാനേജര്‍ ഷാന്റി ഒരു വര്‍ഷത്തിനിടെ പലരില്‍ നിന്നായി കോടിഷില്‍ നിക്ഷേപമാക്കിയത് എണ്‍പത് ലക്ഷത്തിലധികം രൂപ. ജോലി നഷ്ടപ്പെടുമെന്നുള്ള പേടിയും എം.ഡിയുടെ ശാസനയും ഭയന്നാണ് ഓരോ മാസവും പുതിയ ആളുകളെ കണ്ടെത്തി നിക്ഷേപത്തിന് പ്രേരിപ്പിച്ചിരുന്നത്. ഒടുവില്‍ മൂന്ന് മാസം തുടര്‍ച്ചയായി ശമ്പളം മുടങ്ങി. പലതവണ കാര്യം തിരക്കുമ്പോഴും എല്ലാം ഭദ്രമെന്നായിരുന്നു നടത്തിപ്പുകാരുടെ ഉറപ്പ്.  

റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള സ്ഥാപനമായി കോടിഷ് നിധി മാറുമെന്ന വാക്കാണ് പലപ്പോഴും ജീവനക്കാര്‍ വിശ്വസിച്ചത്. ഇതിനായി നിരവധി വ്യാജ രേഖകള്‍ തയാറാക്കിയെന്നാണ് സംശയം. കോടികളുടെ സാമ്പത്തിക ഭദ്രതയുണ്ടെന്ന് പലപ്പോഴും എം.ഡി അബ്ദുള്ളക്കുട്ടി ആവര്‍ത്തിച്ചിരുന്നു. ശമ്പളം മുടങ്ങിയതോടെ ജീവനക്കാരില്‍ ചിലര്‍ മറ്റ് വഴികള്‍ തേടി. വനിതകളുള്‍പ്പെടെ അറുപതിലധികം ജീവനക്കാര്‍ പ്രതിസന്ധിയിലാണ്. ഉപജീവനമാര്‍ഗം അട‍ഞ്ഞതിനൊപ്പം പലരില്‍ നിന്നായി ശേഖരിച്ച പണത്തിന് ജാമ്യം നില്‍ക്കേണ്ട അവസ്ഥയുമുണ്ട്. 

പണം നഷ്ടപ്പെട്ടവരുടെ കൂട്ടായ്മയില്‍ ജീവനക്കാരും പങ്കുചേര്‍ന്നു. നാടുവിട്ട അബ്ദുള്ളക്കുട്ടിയെത്തേടി ഇവര്‍ നിരന്തരം നിലമ്പൂരില്‍ പോയി മടങ്ങുകയാണ്. റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള ഇടപാടുകളിലെ നിക്ഷേപമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചക്കിടയാക്കിയതെന്നാണ് വിലയിരുത്തല്‍. അബ്ദുള്ളക്കുട്ടിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസിറക്കി പൊലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.