ബിനോയ് ദുബായിലെത്തി; വെല്ലുവിളിച്ച് കോടിയേരി

പണം തട്ടിപ്പ് വിവാദത്തിനിടെ ബിനോയ് കോടിയേരി ദുബായില്‍. ബിനോയ് നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ദുബായ് നിയമപ്രകാരം നടപടിയെടുക്കട്ടെയെന്ന് അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. പരാതി നല്‍കിയ അറബി ഇന്ത്യയില്‍ വന്ന് ബുദ്ധിമുട്ടേണ്ടെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു. മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ രോഷം തെല്ലും മറച്ചുവയ്ക്കാതെയായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറിയുടെ പ്രതികരണം. ബിനോയ് ദുബായിലെത്തിയവിവരം വെളിപ്പെടുത്തിയ കോടിയേരി തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടിയെടുക്കട്ടെ എന്നും പറഞ്ഞു. പരാതിക്കാരനായ ഹസന്‍ അല്‍ മര്‍സൂഖി മാധ്യമങ്ങളെ കാണാന്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തുമെന്ന വിവരത്തോടും ആത്മവിശ്വാസത്തോടെതന്നെ പ്രതികരണം.

എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഉള്‍പ്പെട്ട കേസിൽ ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നതായാണ് പ്രതിപക്ഷ ആരോപണം. യു.എ.ഇ പൗരനെകൊണ്ട് വാര്‍ത്താസമ്മേളനം നടത്തുന്നത് എല്ലാം അലക്കി വെളുപ്പിക്കാനെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മർസൂഖി അടുത്ത തിങ്കളാഴ്ച മാധ്യമങ്ങളെ കാണും.

ബിനോയ് കോടിയേരിക്കെതിരെയുള്ള സാമ്പത്തികാരോപണങ്ങളിൽ രാഷ്ട്രീയ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് പരാതിക്കാരനായ അൽ മർസൂഖി മാധ്യമങ്ങള കാണാനായി തിരുവനന്തപുരം പ്രസ്ക്ലബിനെ സമീപിച്ചത്. ഇതോടെയാണ് ഒത്തുതീർപ്പെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയത്. ഇതിനിടെ പ്രതിപക്ഷനേതാവിന്റെ ഇതുസംബന്ധിച്ചുള്ള സബ്മിഷൻ, സഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതെന്തെന്നു കെ.സി.ജോസഫ് സഭയിൽ ചോദിച്ചു. അപകീര്‍ത്തികരമായ പരാമര്‍ശമുണ്ടെന്ന പരാതിയുള്ളതിനാലെന്നായിരുന്നു സ്പീക്കറുടെ മറുപടി. കഴിഞ്ഞ ദിവസം സബ്മിഷനിലെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് എസ്.ശർമ്മ സ്പീക്കർക്ക് പരാതി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം നാലുമണിക്കാണ് മർസൂഖി മാധ്യമങ്ങളെ കാണുന്നത്.

ഔഡി കാർ വാങ്ങിക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കുമായി വാങ്ങിയ പതിമൂന്നു കോടി രൂപ ബിനോയ് തിരിച്ചു നൽകിയില്ലെന്നായിരുന്നു അൽ മർസൂഖി സിപിഎം കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയത്. ഇതിനായി കഴിഞ്ഞ വർഷം മേയ് 16 തീയതിയായുള്ള മൂന്നു ചെക്കുകൾ അക്കൗണ്ട് അവസനിപ്പിച്ചതനാൽ മടങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.