ബലം പ്രയോഗിച്ച് 13കാരന് ലിംഗമാറ്റ ശസ്ത്രക്രിയ; കൂട്ടബലാത്സംഗം; ക്രൂരം

13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വർഷങ്ങളായി ബലാത്സംഗം ചെയ്തതായും പരാതി. കിഴക്കൻ ഡൽഹിയിലെ വനിതാ കമ്മിഷന്റേതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ.  വർഷങ്ങളായി നാലു പേർ ചേർന്ന് കുട്ടിയെ ബലാത്സംഗത്തിന് വിധേയമാക്കുകയായിരുന്നെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.

മൂന്നു വർഷം മുൻപ് ഒരു നൃത്ത പരിപാടിയിൽ വച്ചാണ് 13 വയസ്സുള്ള ശുഭം(യഥാർഥ പേരല്ല) ഈ നാലു പേരെ പരിചയപ്പെടുന്നത്. തുടർന്ന് നൃത്തം അഭ്യസിപ്പിക്കാമെന്ന് പറഞ്ഞ് ശുഭത്തെ ഇവർ കൂടെ കൊണ്ടുപോയി. ചില നൃത്തപരിപാടികളിൽ പങ്കെടുക്കുകയും പണം നൽകുകയും ചെയ്തതായി ശുഭം പറഞ്ഞു. പിന്നീട് ഈ സംഘത്തിനൊപ്പം ജീവിക്കേണ്ട അവസ്ഥയിലായെന്നും ശുഭം പറഞ്ഞു. 

വൈകാതെ ശുഭത്തെ മയക്കുമരുന്നിന് അടിമയാക്കുകയും ബലം പ്രയോഗിച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കു ശേഷം ചില ഹോർമോണുകൾ കുത്തിവച്ചതോടെ തന്റെ മാറ്റം വളരെപെട്ടെന്നായിരുന്നെന്നും ശുഭം വെളിപ്പെടുത്തി. ശുഭത്തെ നാൽവർ സംഘം കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായും വനിത കമ്മിഷൻ പറഞ്ഞു. ഇവർക്കു പുറമേ ‘കസ്റ്റമർ’മാരായി വന്ന നിരവധി പേർ ബലാത്സംഗം ചെയ്തതായും വെളിപ്പെടുത്തി. തനിക്ക് സംഭവിച്ച കാര്യങ്ങൾ പുറത്തു പറഞ്ഞാൽ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഇവർ ഭീഷണിപ്പടുത്തിയതായും ശുഭം പറഞ്ഞു. 

കുറച്ച് മാസങ്ങൾക്കു ശേഷം ശുഭത്തിന് പരിചയമുള്ള ഒരു കുട്ടിയെയും നാൽവർ സംഘം താവളത്തലേക്ക് കൊണ്ടുവന്നു. ശുഭം നൃത്തം ചെയ്തിരുന്ന സ്ഥലത്തെ കാറ്ററിങ് അസിസ്റ്റൻഡ് ആയിരുന്നു ഇയാൾ. ഒരിക്കൽ സാധനങ്ങൾ വാങ്ങാനായി ചന്തയിലേക്കു പോയപ്പോൾ അമ്മയെ കാണാൻ ശുഭത്തിനു സാധിച്ചെങ്കിലും പൊലീസിൽ വിവരം അറിയിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ തിരികെയെത്തി. 

പിന്നീട് ലോക്ഡൗൺ കാലത്ത് ശുഭവും സുഹൃത്തും അവിടെനിന്ന് രക്ഷപ്പെട്ട് ശുഭത്തിന്റെ അമ്മയ്ക്കരികിൽ വീണ്ടുമെത്തി. എന്നാൽ ഡിസംബറിൽ അവരെ കണ്ടെത്തിയ നാൽവർ സംഘം ക്രൂരമായി മർദിക്കുകയും തിരികെ കൊണ്ടുപോയി വീണ്ടും പീഡനത്തിന് ഇരയാക്കുകയും ചെയ്തു. അമ്മയെ തോക്കു ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുകത്തുകയും ചെയ്തു. 

രണ്ടു ദിവസത്തിനു ശേഷം വീണ്ടും അവരുടെ താവളത്തിൽ നിന്നു രക്ഷപ്പട്ട ശുഭത്തെയും സുഹൃത്തിനെയും പിന്നീട് റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു അഭിഭാഷകനാണ് വനിത കമ്മിഷന് അരികിലെത്തിച്ചത്. തുടർന്ന് കുട്ടകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു, രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.