ജ്വല്ലറിയുടെ ഭിത്തി തുരന്ന് 326 പവന്‍ മോഷ്ടിച്ച സംഭവം; ബംഗ്ലാദേശുകാരനെ പിടികൂടി

കൊച്ചി ഏലൂരില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 326 പവന്‍ മോഷ്ടിച്ച ബംഗ്ലാദേശുകാരനെ പിടികൂടി കൊച്ചിയിലെത്തിച്ചു. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ്  ഇയാള്‍ പിടിയിലായത്. ഏലൂര്‍ സിഐ എം.മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

ബംഗ്ലാദേശുകാരനും കഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്തിലെ സൂറത്തില്‍‍ താമസക്കാരനുമായ ശൈഖ് ബബ്ലുവാണ് കൊച്ചി സിറ്റി പൊലീസിന്റെ  പിടിയിലായത്. ബംഗാളില്‍ നിന്ന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായുരുന്നു അറസ്റ്റ്. ഏലൂര്‍ സിഐ എം.മനോജും  സംഘവുമാണ് പ്രതിയെ പിടികൂടിയത്. 

കഴിഞ്ഞ മാസം 15നായിരുന്നു നാടിനെ ഞെട്ടിച്ച കവര്‍ച്ച. ഏലൂര്‍ എഫ്എസിറ്റി ജംക്‌ഷനിലെ ഷോപ്പിങ് കോപ്ലക്സിലുള്ള ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 

326 പവന്‍ സ്വര്‍ണവും 25 കിലോ വെള്ളിയും മോഷ്ടിച്ചു. കവര്‍ച്ചയ്ക്ക് ശേഷം കേരളം വിട്ട പ്രതികള്‍ വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.  സംഘത്തിലെ നാല് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ സൂറത്തിലുണ്ടെന്നാണ് പൊലീസ് ലഭിച്ച സൂചന.