തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി

തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ വാനിലെത്തിയവർ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി. സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു.ഇവർ എത്തിയ വാൻ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. ഇന്നു രാവിലെ തിരുവല്ല മതിൽഭാഗത്തും അമ്പിളി ജംഗ്ഷനിലുമായാണ് പ്രഭാത സവാരിക്കിറങ്ങിയ റിട്ട. പൊലീസുദ്യോഗസ്ഥൻ അടക്കമുള്ളവരെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയത് . ഭീഷണിപ്പെടുത്തിയവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഒമ്നി വാനിലെത്തിയ  രണ്ടംഗസംഘം  ആണ് വടിവാൾ കാട്ടി ഭീഷണി മുഴക്കിയത്. സവാരിക്കിറങ്ങിയ കാവുംഭാഗം സ്വദേശിയായ റിട്ട. പൊലീസുദ്യോഗസ്ഥൻ രാജൻ സംശയകരമായ സാഹചര്യത്തിൽ വാൻ കിടക്കുന്നത് കണ്ട് അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഒരാൾ വടിവാൾ കാട്ടി ഭീഷണി മുഴക്കി ആക്രമിക്കാൻ തുനിഞ്ഞത്. ഇത് തടഞ്ഞ രാജനും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് വടിവാൾ പിടിച്ചു വാങ്ങി. അപ്പോഴേക്കും ഇയാൾ വാനിൽ കയറി രക്ഷപെട്ടു.

വാനിലുണ്ടായിരുന്ന മറ്റൊരാൾ ഒരു യുവതിയാണെന്ന് സംശയമുണ്ട്. പുലർച്ചെ ഇരുട്ടായതിനാൽ ആളെ തിരിച്ചറിയാനായില്ല. പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് നഗരത്തിലും പരിസരങ്ങളിലും  തിരച്ചിൽ നടത്തിയെങ്കിലും വാൻ കണ്ടെത്താനായില്ല. ദൃക്സാക്ഷികൾ  വാഹനത്തിന്റെ നമ്പർ പൊലീസിനെ അറിയിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ വാൻ മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. അതേസമയം

വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കരുനാഗപ്പള്ളി, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ വിവിധ കേസുകളിൽ പ്രതികളായവരാണ് വാഹനത്തിലുണ്ടായിരുന്നതെന്ന സംശയമാണ് പൊലീസിനുള്ളത്. കൊല്ലം ജില്ലയിൽ ഇവർക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് രക്ഷപെട്ടെത്തിയവരാണ് കാൽനട യാത്രക്കാരെ ഭീഷണിപ്പെടുത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം.

അതിനിടെ ഇന്നു വൈകിട്ട് എറണാകുളം പനങ്ങാട് പൊലീസ്  ഗുണ്ടാ - ലഹരിമരുന്ന്സംഘങ്ങളിൽ ഉൾപ്പെട്ടവരെന്നു സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ലയിലെ പ്രഭാത സവാരിക്കാർക്കെതിരെ ഭീഷണി മുഴക്കിയവരാരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരിമരുന്ന് റാക്കറ്റിൽപ്പെട്ടവർക്ക് ഇതിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നു. സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു.