ഒപ്പമുള്ളവരെ കഴുത്തറുത്ത് കൊന്നു; ഒരാളുടെ കൈവിരലറ്റു; കാരണം 7000 രൂപ

ഏഴായിരം രൂപ സംബന്ധിച്ച തർക്കത്തെ തുടർന്ന് കൂടെയുള്ള 2 പേരെ കഴുത്തറുത്ത് കൊന്ന് ജാർഖണ്ഡ് സ്വദേശി സഞ്ജയ് ബസ്‌കി.സഞ്ജയ്‌യുടെ ഏഴായിരം രൂപ ജംഷ് മറാൻഡി, ഷുക് ലാൽ മറാൻഡി, ബസന്തിയും ചേർന്ന് കൈക്കലാക്കിയെന്ന് ആരോപിച്ചായിരുന്നു അരുംകൊല. പണം തിരികെ ആവശ്യപ്പെട്ടിട്ടും കൊടുക്കാൻ മൂവരും തയാറാകാതിരുന്നതോടെയായിരുന്നു കൊലപാതകം. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന ജംഷിന്റെയും ലാലിന്റെയും കഴുത്ത് കത്തി കൊണ്ട് അറുത്താണ് കൊല‌ ചെയ്തത്.ഏലച്ചെടികളുടെ കള വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. 2 മുറികളിലായാണ് ജംഷും ഷുക് ലാലും കിടന്നിരുന്നത്. ഇരുവരെയും കൊന്നശേഷം ബസന്തിക്കുനേരെയും ആക്രമണം ഉണ്ടായി. തലക്കു പിന്നിൽ സാരമായി മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഒരു കൈവിരലും അറ്റിട്ടുണ്ട്. പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയിലാണ് ഞായറാഴ്ച അർധരാത്രി ക്രൂര കൊലപാതകം നടന്നത്. 

കട്ടപ്പനയിലെ വലിയതോവാള പൊട്ടംപ്ലാക്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജോലി ചെയ്യാനായി ആറുമാസം മുൻപാണ് 2 പേർ എത്തിയത്. പിന്നീട് നാലുമാസം മുൻപ് രണ്ടുപേർ കൂടിയെത്തി. വീടിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. നാലംഗ സംഘം ഇവിടെ ജോലി ചെയ്യുന്ന കാര്യം തൊഴിൽ വകുപ്പിലോ പൊലീസിലോ അറിയിച്ചിരുന്നില്ലെന്നാണ് വിവരം.

ഷുക് ലാലിന്റെ ഭാര്യയാണ് ബസന്തിയെന്നാണ് വീട്ടുടമയോടു പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിൽ എത്തിയശേഷമാണ് ബസന്തി ഇവർക്കൊപ്പം ചേർന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവർക്കും പ്രതിക്കും നാട്ടിൽ ഭാര്യയും മക്കളും ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. 

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്‌മോഹന് കൈക്ക് പരുക്കേറ്റു. കമ്പംമെട്ട്, നെടുങ്കണ്ടം, തങ്കമണി, വണ്ടൻമേട്, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നു കൂടുതൽ പൊലീസ് സംഘം പിന്നീട് സ്ഥലത്തെത്തി. റോഡുകൾ അടച്ച് പ്രതി കടക്കാനുള്ള സാധ്യത തടഞ്ഞു. ഇതിനിടെ അൻപതോളം നാട്ടുകാരും എത്തി. പൊലീസും നാട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് കൃഷിയിടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. ഏറെനേരം നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.