പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി; ജയിലിൽ; 15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ വ്യാജ ബലാൽസംഗം ആരോപിച്ച് പരാതി നൽകിയ യുവതിയോട് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി യുവാവിന് നൽകാൻ ഉത്തരവിട്ട് കോടതി. ചെന്നൈയിൽ നിന്നാണ് ഈ വാർത്ത. സന്തോഷ് എന്ന യുവാവാണ് വ്യാജകേസിൽ പെട്ട് ജീവിതം പ്രതിസന്ധിയിലായത്. 

അയൽക്കാരനായ സന്തോഷ് ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി എന്നായിരുന്നു യുവതിയുടെ പരാതി. ഈ കേസിൽ യുവാവ് പൊലീസ് പിടിയിലായി. ഒടുവില്‍ യുവതിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം വന്നപ്പോഴാണ് കുട്ടിയുടെ പിതാവ് യുവാവ് അല്ലെന്ന് വ്യക്തമായത്. ഇതോടെയാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചത്.

വ്യാജക്കേസിൽ 95 ദിവസം യുവാവ് ജയിലിൽ കഴിയേണ്ടി വന്നിരുന്നു. 2 ലക്ഷം രൂപ കേസ് നടത്തിപ്പിനായും ചെലവായി. ഇതോടെയാണ് യുവതിക്കും കുടുംബത്തിനുമെതിരെ നിയമപോരാട്ടം നടത്തിയത്. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതാവ് സന്തോഷല്ലെന്ന് തെളിഞ്ഞതോടെ 2016 ഫെബ്രുവരിയില്‍ സന്തോഷിനെ ചെന്നൈയിലെ മഹിളാ കോടതി വെറുതെ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാര കേസ് നൽകിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.