അങ്കമാലിയിലും വ്യാജ ഡോക്ടർ; വ്യാജ രേഖ തയ്യാറാക്കിയത് ഒരേ കേന്ദ്രത്തില്‍ നിന്ന്

അങ്കമാലി, ആലുവ : സ്വകാര്യ വ്യക്തി വാടകയ്ക്ക് ഏറ്റെടുത്തു നടത്തുന്ന ആശുപത്രിയിൽ വ്യാജ അലോപ്പതി ചികിത്സ നടത്തിയിരുന്ന കൊട്ടാരക്കര പുത്തൂർ സൂര്യോദയ അജയ് രാജിനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. ആയുർവേദ ഡോക്ടറായ ഇയാൾ ‌അലോപ്പതിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചാണു മഞ്ഞപ്ര സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ചികിത്സ തുടങ്ങിയിട്ടു 3 മാസമായി. ആശുപത്രി പൊലീസ് അടപ്പിച്ചു.  കഴിഞ്ഞ ദിവസം ആലുവ എടത്തല കോമ്പാറയിൽ മരിയ ക്ലിനിക്കിൽ നിന്നു സംഗീത ബാലകൃഷ്ണൻ എന്ന വ്യാജ ഡോക്ടറെ പൊലീസ് പിടികൂടിയിരുന്നു.

ഇരുവരും വ്യാജ സർട്ടിഫിക്കറ്റുകൾ തയാറാക്കിയത് ഒരേ കേന്ദ്രത്തിലാണെന്നു പൊലീസ് കണ്ടെത്തി. ഇവർ ജോലി ചെയ്യുന്ന രണ്ടു സ്ഥാപനങ്ങളും വാടകയ്ക്ക് ഏറ്റെടുത്ത് നടത്തുന്നത് അങ്കമാലി കറുകുറ്റി സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. സംഗീത പിടിയിലായതിനെ തുടർന്ന് ഇയാളുടെ മറ്റു ക്ലിനിക്കുകളിലും പരിശോധന നടത്താൻ റൂറൽ എസ്പി കെ.കാർത്തിക് നിർദേശിച്ചതോടെയാണു പിറ്റേന്ന് അജയ് രാജും കുടുങ്ങിയത്. ചികിത്സാ സൗകര്യം കുറഞ്ഞ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ വാടകകയ്ക്ക് എടുത്ത് അലോപ്പതി, ഡന്റൽ ക്ലിനിക്കുകളും ലബോറട്ടറിയും നടത്തുന്നയാളാണ് കറുകുറ്റി സ്വദേശി. എംബിബിഎസ്സുകാരല്ലെന്ന് അറിഞ്ഞുകൊണ്ടാണ് ഇയാൾ വ്യാജന്മാരെ നിയമിച്ചു തട്ടിപ്പു നടത്തിയതെന്നു പൊലീസ് കരുതുന്നു.

രോഗികള്‍ക്കു ആന്റിബയോട്ടിക്കുകള്‍ കൂടിയ അളവിൽ; വ്യാജഡോക്ടര്‍ കുടുങ്ങിയതിങ്ങനെ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾക്കു സ്ഥാപനങ്ങളുണ്ട്. ഉടമ ഒളിവിലാണെന്ന് ഇൻസ്പെക്ടർ പി.ജെ. നോബിൾ പറഞ്ഞു. 10,000 രൂപ ശമ്പളവും താമസ സൗകര്യവുമാണു വ്യാജ ഡോക്ടർമാർക്കു നൽകിയിരുന്നത്. എടത്തലയിൽ അതിഥിത്തൊഴിലാളികളും നാട്ടുകാരും ചികിത്സ തേടിയിരുന്നു. കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ അടക്കം ചികിത്സിച്ചിരുന്ന സംഗീത ബാലകൃഷ്ണനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ക്ലിനിക്കിൽ പോയവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയോ ആന്റിജൻ പരിശോധന നടത്തുകയോ ചെയ്യണമെന്നു പൊലീസ് അറിയിച്ചു.