രോഗികള്‍ക്കു ആന്റിബയോട്ടിക്കുകള്‍ കൂടിയ അളവിൽ; വ്യാജഡോക്ടര്‍ കുടുങ്ങിയതിങ്ങനെ

fake-doctor-arrest
SHARE

ആലുവ: എടത്തല കോമ്പാറ മരിയ ക്ലിനിക്കിൽ 2 മാസമായി ജോലി ചെയ്യുന്ന വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്ണൻ (45) ആണു പിടിയിലായത്. 2002ൽ കർണാടകയിൽ നിന്ന് എംബിബിഎസ് ജയിച്ചതായി പറയുന്ന ഇവർ ഫാർമസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവു വച്ചാണു മരുന്നു കുറിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. രോഗികളെ പരിശോധിക്കുന്നതിനിടെയാണു കസ്റ്റഡിയിൽ എടുത്തത്.

എംബിബിഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയതു ഡിപ്ലോമ സർട്ടിഫിക്കറ്റാണ്. ഇതു വ്യാജമാണോ എന്നു പരിശോധിക്കും. എടത്തലയിൽ എത്തുന്നതിനു മുൻപ് ഇവർ മറ്റു പല ക്ലിനിക്കുകളിലും ജോലി ചെയ്തിട്ടുണ്ട്. രോഗികൾക്ക് ഒരേസമയം പല ആന്റിബയോട്ടിക് ഗുളികകൾ കൂടിയ അളവിൽ കുറിച്ചതിനെ തുടർന്നു സംശയം തോന്നിയ മെഡിക്കൽ ഷോപ് ജീവനക്കാരൻ റൂറൽ എസ്പി കെ. കാർത്തിക്കിനെ അറിയിച്ചതിനെ തുടർന്നാണു പരിശോധന നടത്തിയത്. ഇൻസ്പെക്ടർ പി.ജെ. നോബിൾ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

ക്ലിനിക്കിന്റെ ഉടമയും കേസിൽ പ്രതിയാകുമെന്നു പൊലീസ് പറ‍ഞ്ഞു. അങ്കമാലി സ്വദേശിയുടേതാണു ക്ലിനിക്. ചികിത്സാ സൗകര്യം കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ  വീടുകൾ വാടകയ്ക്ക് എടുത്തു ക്ലിനിക് നടത്തുന്നയാളാണ് ഉടമയെന്നു പൊലീസ് പറഞ്ഞു. കുറഞ്ഞ ശമ്പളം നൽകിയാൽ മതി എന്നതാണു വ്യാജ ഡോക്ടറെ നിയമിച്ചതിന്റെ കാരണമെന്നു കരുതുന്നു. മറ്റൊരു ഡോക്ടറും ഇവിടെയുണ്ട്. അദ്ദേഹം ജില്ലയിലെ ഗവ. ആശുപത്രിയിലും പാർട്ട് ടൈം ആയി ജോലി ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റുകളുമായി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അദ്ദേഹത്തോടും ആവശ്യപ്പെട്ടു. 

MORE IN KERALA
SHOW MORE
Loading...
Loading...