ഭൂതത്താൻകെട്ടിൽ എക്സൈസും വനം വകുപ്പും റെയ്ഡ്; 850 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കോതമംഗലം ഭൂതത്താൻകെട്ടിൽ വൻ ചാരായവേട്ട. 850 ലിറ്റർ വാഷും  വാറ്റുപകരണങ്ങളും പിടികൂടി.  എക്സൈസും വനം വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.

എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്‍റെയടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ഭൂതത്താന്‍കെട്ട് ക്യാച്ച്മെന്‍റ് ഏരിയയിൽ നിന്നും ഇരുമ്പ് ബാരലുകളിലും പ്ലാസ്റ്റിക്ക് ബാരലുകളിലുമായി സൂക്ഷിച്ചിരുന്ന 885 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 

ആള്‍ സഞ്ചാരമില്ലാത്ത സ്ഥലത്ത് രഹസ്യമായാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനാവശ്യമായ വാഷാണ് കണ്ടെത്തിയത്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.

കോതമംഗലം എക്സൈസ് സര്‍ക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ പി കെ സുരേന്ദ്രന്‍റെ നേതൃത്ത്വത്തിലുള്ള സംഘവും  എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും കുട്ടമ്പുഴ എക്സൈസ് റേഞ്ച്  പാര്‍ട്ടിയും വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.