കോഴിക്കോട്ട് 41 ക്രിമിനലുകളുടെ പട്ടിക; ഓപ്പറേഷന്‍ റേഞ്ചർ ചൂടാകുന്നു

ഓപ്പറേഷന്‍ റേഞ്ചറിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെയും ക്രിമിനലുകളുടെ പട്ടിക തയാറാക്കുന്നു. കോഴിക്കോട് സിറ്റിയിലും റൂറല്‍ പരിധിയിലുമായി നാല്‍പ്പത്തിഒന്നുപേരുടെ പട്ടിക തയാറാക്കി. കോവിഡ് ഇളവില്‍ ജാമ്യത്തിലിറങ്ങി ക്രിമിനല്‍ കേസില്‍ പങ്കാളികളായവരെ വേഗത്തില്‍ ജയിലിലേക്ക് മടക്കി. 

നഗരപരിധിയിലെ ആറ് സ്റ്റേഷനുകളിലായി ഇരുപത്തി മൂന്നുപേരാണ് ഗുണ്ടാപ്പട്ടികയിലുള്ളത്. റൂറലില്‍ ഏഴ് സ്റ്റേഷനുകളിലായി പതിനെട്ടുപേരും ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥിരം കുറ്റവാളികളും കൊലപാതകം കവര്‍ച്ച എന്നിവയില്‍ പ്രതികളായവരുമാണ് പ്രത്യേക  നിരീക്ഷണത്തിലുള്ളത്. രാഷ്ട്രീയ സംഘര്‍ഷത്തില്‍ പ്രതികളായവര്‍, ലഹരിവില്‍പനയിലെ പതിവ് ഇടപാടുകാര്‍ എന്നിവരും പട്ടികയില്‍പ്പെടും.

രണ്ട് ദിവസത്തിനുള്ളില്‍ വിവരശേഖരണം പൂര്‍ത്തിയാകും. കൊലപാതകക്കേസിലുള്‍പ്പെടെ പിടിയിലായവരില്‍ ഒരുവിഭാഗം കോവിഡ് കാല ഇളവില്‍ ജാമ്യം നേടി പുറത്തിറങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും കവര്‍ച്ചയിലും സംഘര്‍ഷത്തിലും ലഹരിവില്‍പനയിലും തുടര്‍ച്ചയായി പങ്കാളികളാകുന്നുണ്ട്. ഇവരെ വേഗം ജയിലിലേക്ക് തിരികെ അയക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 

മറ്റ് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ കേസില്‍പ്പെട്ട് ഒളിച്ച് കഴിയുന്ന കോഴിക്കോട്ടുകാരുടെ വിവരങ്ങളും പരിശോധിക്കുന്നുണ്ട്. വീടുകളിലെത്തി പലരെയും നേരില്‍ക്കണ്ടാണ് സി.ഐമാരുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലാ അടിസ്ഥാനത്തിലുള്ള ഗുണ്ടാപ്പട്ടിക ഇരുപതിന് മുന്‍പായി പൊലീസ് മേധാവിക്ക് കൈമാറും.