താനൂരിലെ യുവാവിന്റെ മരണം: ക്രൂര മർദനമേറ്റതായി കണ്ടെത്തൽ

മലപ്പുറം താനൂരിൽ കൊല്ലപ്പെട്ട ബേപ്പൂർ സ്വദേശിയായ യുവാവ് ക്രൂര മർദനത്തിന് ഇരയായിരുന്നതായി കണ്ടെത്തൽ. കൊല്ലപ്പെട്ട വൈശാഖിന്റെ ആന്തരികാവയവങ്ങൾക്ക് മാരകമായ പരുക്കേറ്റിട്ടുണ്ടെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തി.  കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് അന്വേഷണം ബലപ്പെടുത്താനാണ് താനൂർ പൊലീസിന്റെ തീരുമാനം.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തിൽ ഇരുപത്തിയെട്ടുകാരനായ  വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വൈശാഖിന്റെ തലയ്ക്കുപിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയേറ്റതിനാലാണെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിക്കുകയും ചെയ്തു.

ആന്തരികാവയവങ്ങളിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മാരകമായ പരുക്കുകൾ കണ്ടെത്തിയത്. വൈശാഖിന്റെ ശ്വാസനാളം പൊട്ടിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥികൾ തകർന്ന നിലയിലാണ്. അന്നനാളം കീറുകയും തൊണ്ടക്കുഴി നുറുങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശരീരത്തിന് പുറത്തേക്ക് പരുക്കുകളില്ല. പരിസരപ്രദേശങ്ങളിൽ നിന്ന്  ആയുധങ്ങൾ കണ്ടെടുക്കാത്തതും കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതും തുടരന്വേഷണത്തിന് വെല്ലുവിളിയായിരിക്കുന്നത്.

ഈ സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പതിനാലോളം പേരെ ഇതിനോടകം ചോദ്യം ചെയ്തു. കൊലപാതകം സംബന്ധിച്ച വിശദമായ റിപ്പോർട്ട് പൊലീസ് കോടതിക്ക് കൈമാറി. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും താനൂർ പൊലീസ് വ്യക്തമാക്കി.