കുമളിയിൽ 25 ലിറ്റർ വിദേശ മദ്യവുമായി 2 പേർ പിടിയിൽ

ഇടുക്കി കുമളിയിൽ 25 ലിറ്റർ വിദേശ മദ്യവുമായി 2 പേർ പിടിയിൽ. ചക്കുപള്ളം സ്വദേശികളായ സിജു മാത്യു, സുജിത്ത് മോനച്ചൻ എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. 

കുമളി ടൗണിലൂടെ ഓട്ടോയിൽ  25 ലിറ്റർ വിദേശ മദ്യം  കടത്താന്‍ ശമിച്ച 2 പേരാണ്  പിടിയിലായത്. ചക്കുപള്ളം സ്വദേശികളായ പുല്ലാനിക്കാവുങ്കൽ സിജു മാത്യു, തറയിൽ  സുജിത്ത് മോനച്ചൻ എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് അര ലിറ്ററിന്റെ  50 മദ്യ കുപ്പികൾ കണ്ടെത്തി. മദ്യം ചില്ലറ വില്‍പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.  കുമളി ബിവറേജ് ഔട്ട്ലെറ്റിൽ നിന്നുമാണ് ഇവര്‍  അനുവദനീയ അളവില്‍ കൂടുതല്‍ മദ്യം വാങ്ങിയത്. 

രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തിയ  പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കുമളി എസ്.എച്ച്. ഒ. ജോബിൻ ആന്റണി, എസ്. ഐ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.