സഹായം ലഭിക്കാതിരിക്കാന്‍ വ്യാജകത്ത്; സ്ഥിരം സമിതി അധ്യക്ഷൻ റിമാന്‍ഡിൽ

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വ്യാജരേഖ നിര്‍മിച്ച മലപ്പുറം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനെ റിമാന്‍ഡ് ചെയ്തു. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ വലമ്പൂര്‍ വട്ടിപ്പറമ്പത്ത് അബ്ദുല്‍ അസീസാണ് അറസ്റ്റിലായത്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാള്‍ക്ക് ഭവനനിര്‍മാണ സഹായം ലഭിക്കാതിരിക്കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വ്യാജകത്ത് തയാറാക്കിയ കേസിലാണ് അബ്ദുല്‍ അസീസ് കുടുങ്ങിയത്. ഗുണഭോക്താവിന് അര്‍ഹതയില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ വ്യാജകത്ത് എഴുതിയത് അബ്ദുല്‍ അസീസാണന്ന് കയ്യെഴുത്ത് വിദഗ്ധരുടെ സഹായത്തോടെ തെളിഞ്ഞതോടെയാണ് കേസെടുത്തത്. 

2018 മാര്‍ച്ചില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റിലായത്. സി.പി.എമ്മുമായി ഇടഞ്ഞ് 2015ല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച രാവുണ്ണിയാണ് പരാതിക്കാരന്‍. പ്രതിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായി സമരം നടത്തിയിരുന്നു. മഞ്ചേരി പട്ടികജാതി പ്രത്യേക കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.